
പാലക്കാട്:കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളാണെന്ന് കെബി ഗണേഷ് കുമാര്‍ പാലക്കാട് പറഞ്ഞു. സുരേഷ് ഗോപിക്ക് കട്ട് പറയാൻ താൻ സംവിധായകനല്ല. ആക്ഷനും റിയാക്ഷനുമൊക്കെ അവരവരുടെ ഇഷ്ടമാണ്. എന്നാൽ, ജനങ്ങളാണ് കട്ട് പറയേണ്ടത്. സുരേഷ് ഗോപിയുമായുള്ള മുൻ അനുഭവവും ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഗണേഷ് കുമാര്‍ വെളിപ്പെടുത്തി.
കമ്മീഷണര്‍ എന്ന സിനിമ റീലിസ് ചെയ്തപ്പോള്‍ കാറിന് പുറകിൽ എസ്‍പിയുടെ തൊപ്പി വെച്ചിരുന്നയാളാണ് സുരേഷ് ഗോപിയെന്ന് ഗണേഷ് കുമാര്‍ പരിഹസിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭരത് ചന്ദ്രൻ ഐപിഎസ് ആയി അഭിനയിച്ചപ്പോഴായിരുന്നു പൊലീസ് തൊപ്പി കാറിന്‍റെ പിന്നിൽ സ്ഥിരമായി വെച്ചിരുന്നത്. സാധാരണ ഉന്നത പൊലീസുകാര്‍ കാറിൽ യാത്ര ചെയ്യുമ്പോള്‍ അവരുടെ തൊപ്പി ഊരി സീറ്റിന്‍റെ പിന്നിൽ വെക്കാറുണ്ട്.
അത്തരത്തിൽ സുരേഷ് ഗോപിയുടെ കാറിൽ കുറെക്കാലം എസ്‍പിയുടെ ഐപിഎസ് എന്നെഴുതിയ തൊപ്പി കാറിന്‍റെ പിന്നിൽ വെച്ചിരുന്നു. അത് ഗ്ലാസിലൂടെ പുറത്തേക്ക് കാണുന്ന തരത്തിലായിരുന്നു വെച്ചിരുന്നത്. അത്രയെ അദ്ദേഹത്തെക്കുറിച്ച് പറയാനുള്ളുവെന്നും ഗണേഷ്കുമാര്‍ പരിഹസിച്ചു. സുരേഷ് ഗോപിയുടെ മാധ്യമപ്രവര്‍ത്തകരോടുള്ള സമീപനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കെബി ഗണേഷ് കുമാര്‍.
എമ്പുരാനെതിരെ സംഘ്പരിവാര്‍ ആക്രമണം
തെരഞ്ഞെടുപ്പിന് മുമ്പ് തൃശൂർകാർ അനുഭവിക്കുമെന്ന് പറഞ്ഞിരുന്നു. അത് ശരിയായെന്നും ഇനി തൃശൂരുകാര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് പ്രാര്‍ഥിക്കാമെന്നും ഗണേഷ്കുമാര്‍ പറഞ്ഞു. എമ്പുരാനെതിരെ ഇപ്പോള്‍ നടക്കുന്നത് സംഘ്പരിവാർ ആക്രമണമാണ്. സിനിമക്കെതിരെയുള്ള ആക്രമണം അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നതാണ്. ജനാധിപത്യപരമായ വിമർശനമാവാം എന്നാൽ, അത് ഇങ്ങനെ ആകരുത്.
സിനിമ ഒരു രാഷ്ട്രീയ മാറ്റവും ഉണ്ടാക്കില്ല. സിനിമയുടെ പേരിലുള്ള വിവാദം അനാവശ്യമാണ്. സിനിമ കണ്ട് അഭിനയം നന്നായെന്ന് മാത്രം പറയും. എന്ത് പറഞ്ഞാലും വിവാദമാവുകയാണ്. ജസ്റ്റ് റിമബര്‍ ദാറ്റ് എന്ന് പറഞ്ഞങ്ങ് പോകും. ഞാൻ ഒരുപാട് രാഷ്ട്രീയ സിനിമകളിൽ അഭിനയിച്ചതാണ്. യുഡിഎഫ് വിരുദ്ധ സിനിമകളായിരുന്നു ഏറെയും. എന്നിട്ടും ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
മന്ത്രിക്ക് ബിജെപിയുടെ കരിങ്കൊടി
ഇതിനിടെ, പാലക്കാട് കെഎസ്‍ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശീതീകരിച്ച കാത്തിരിപ്പു കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെബി ഗണേഷ്കുമാറിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ബസ് സ്റ്റാൻഡിൽ വൃത്തിയുള്ള ശൗചാലയം ആണ് ആദ്യം വേണ്ടതെന്ന് പറഞ്ഞാണ് മന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam