
തൃശൂരിൽ രണ്ടിടങ്ങളിലായി വൻ മയക്കുമരുന്നു വേട്ട. കുതിരാൻ ദേശീയ പാതയിൽ പൈലറ്റ് വാഹനത്തിന്റെ അകമ്പടിയോടെ കടത്തിയ മുന്നേമുക്കാൽ കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. മറ്റൊരു സംഭവത്തിൽ കൊടുങ്ങല്ലൂരിൽ എം.ഡി.എം എയുമായി രണ്ടു യുവാക്കളെയും അറസ്റ്റ് ചെയ്തു.
പുത്തൂർ സ്വദേശി അരുണും കോലഴി സ്വദേശി അഖിലുമായിരുന്നു കുതിരാൻ ദേശീയ പാതയിൽ പിടിയിലായ ലഹരിക്കടത്തു കാർ. ആന്ധ്രയിൽ നിന്ന് എത്തിച്ചതാണ് ഹഷിഷ് ഓയിലും കഞ്ചാവും. മൂന്നു കിലോഗ്രാം ഹഷിഷ് ഓയിലും 77 കിലോഗ്രാം കഞ്ചാവുമാണ് വാഹനത്തിലുണ്ടായിരുന്നത്. കഞ്ചാവിൽ നിന്ന് വാറ്റിയെടുക്കുന്ന ഹഷിഷ് ഓയിലിന് വിപണിയിൽ മോഹവിലയുണ്ട്. അരുൺ നേരത്തെ ലഹരിക്കടത്തിന് പിടിക്കപ്പെട്ടവനായിരുന്നു. ഇയാളുടെ ഫോൺ പൊലീസ് നിരീക്ഷണത്തിലുമായിരുന്നു. അതുകൊണ്ട് തന്നെ പോക്കും വരവും സിറ്റി പൊലീസ് കമ്മീഷ്ണറുടെ ലഹരി വിരുദ്ധ സ്‍ക്വാഡിന്റെ കൺവെട്ടത്തുണ്ടായിരുന്നു.
വൻ മയക്കുമകുന്ന് ശേഖരവുമായികുതിരാൻ ദേശീയപാതയിൽ വന്നുകേറിയത് പൊലീസിന്റെ വലയിലേക്ക്. ആദ്യം പൈലറ്റ് വാഹനം പിടികൂടി. കോലഴി സ്വദേശി അഖിലായിരുന്നു പൈലറ്റ്. പിന്നിലത്തെ വണ്ടിയിലായിരുന്നു മുഖ്യപ്രതി അരുൺ. രണ്ട് പേരും അറസ്റ്റിലായി. വണ്ടിക്കുള്ളിൽ രഹസ്യ അറയിൽ രണ്ടു ലക്ഷം രൂപയും മൂന്നു കോടി എഴുപത്തിയഞ്ചു ലക്ഷം രൂപ വില വരുന്ന മൂന്ന് കിലോ ഹാഷിഷ് ഓയിലും. ഡിക്കിയിൽ 77 കിലോ കഞ്ചാവുമാണ് ഉണ്ടായിരുന്നത്. ഇവരുടെ കൈയ്യിൽ നിന്നും ചരക്കു വാങ്ങുന്നവരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊടുങ്ങല്ലൂരിലാണ് എം.ഡി.എം.എയുമായി രണ്ട് പേരെ തൃശൂർ റൂറൽ ഡൻസാഫ് ടീമും, കൊടുങ്ങല്ലൂർ പോലീസും ചേർന്ന് പിടികൂടിയത്. എടവിലങ്ങ് സ്വദേശികളായ പുന്നക്കാപറമ്പിൽ ശിവകൃഷ്ണ , പറക്കാട്ട് വീട്ടിൽ അഭിനവ് എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ലഹരി മരുന്ന് പിടികൂടിയത്. തീരദേശ മേഖലയിലെ മയക്കുമരുന്ന് വില്പന നടത്തുന്ന ശൃംഖലയിലെ കണ്ണികളാണിവരെന്നും, മേഖലയിൽ വിൽപന നടത്തുന്നതിനായി കൊണ്ടുവന്നതാണ് പിടികൂടിയ എംഡിഎംഎയെന്നും പോലീസ് പറഞ്ഞു. അന്വേഷണത്തിൽ പ്രതികൾ ബാംഗ്ലൂർ നിന്നുമാണ് മയക്കുമരുന്ന് കൊണ്ടുവന്നത് എന്ന് വ്യക്തമായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam