ട്രഷറി തട്ടിപ്പ് കേസ്; പ്രതി ബിജുലാലിൻ്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്

By Web TeamFirst Published Aug 5, 2020, 3:22 PM IST
Highlights

നാലു ദിവസത്തെ ഒളിച്ചു കളിയ്ക്കു ശേഷം ഇന്നാണ് ട്രഷറി തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജുലാല്‍ പിടിയിലായത്. തിരുവനന്തപുരത്ത് അഭിഭാഷകന്‍റെ ഓഫിസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ബിജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിൽ പ്രതി ബിജുലാലിന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. മുൻ ട്രഷറി ഓഫീസ‌ർ തന്നെയാണ് യൂസ‌ർ ഐ‍ഡിയും പാസ്‍വേഡും നൽകിയതെന്നാണ് ബിജുലാലിന്റെ മൊഴി. ഒരു ദിവസം ട്രഷറി ഓഫീസ‌ർ നേരേ വീട്ടിൽ പോയപ്പോഴാണ് കമ്പ്യൂ‍ട്ട‌ർ ഓഫാക്കാൻ തനിക്ക് പാസ്‍വേഡ് പറഞ്ഞ് തന്നതെന്നാണ് വിശദീകരണം. മാ‌ർച്ച് മാസത്തിലായിരുന്നു ഇതെന്നാണ് മൊഴി.

ട്രഷറി ഓഫീസർ  അവധിയിൽ പോയശേഷം ഏപ്രിലിൽ പണം പിൻവലിച്ചു. ആദ്യം 75 ലക്ഷവും പിന്നീട് 2 കോടിയും പിൻവലിച്ചു. ആദ്യം തട്ടിയ പണം ഭൂമി വാങ്ങാൻ സഹോദരിക്ക് അഡ്വാൻസ് നൽകിയെന്നും ഭാര്യക്ക് സ്വ‌ർണ്ണവും വാങ്ങിയതിന് ശേഷം ബാക്കി പണം ചീട്ടുകളിക്കാൻ ഉപയോ​ഗിച്ചുവെന്നാണ് ബിജുലാലിന്റെ മൊഴി. 

എന്നാൽ പാസ്വേഡ് താനാണ് നൽകിയതെന്ന മൊഴി ട്രഷറി ഓഫീസ‌ർ നിഷേധിച്ചു. പാസ്‍വേ‍ർഡ് താൻ ബിജുവിന് നൽകിയിട്ടില്ലെന്ന് പറഞ്ഞ മുൻ ട്രഷറി ഓഫീസ‍ർ ഭാസ്കരൻ കമ്പ്യൂട്ട‌ർ ഓഫാക്കണമെങ്കിൽ ചുമതലപ്പെടുത്തുക അഡ്മിനിസ്ട്രേറ്ററെയാണെന്നും വിശദീകരിച്ചു. 

നാലു ദിവസത്തെ ഒളിച്ചു കളിയ്ക്കു ശേഷം ഇന്നാണ് ട്രഷറി തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജുലാല്‍ പിടിയിലായത്. തിരുവനന്തപുരത്ത് അഭിഭാഷകന്‍റെ ഓഫിസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ബിജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ താന്‍ ട്രഷറിയില്‍ നിന്ന് പണം മോഷ്ടിച്ചിരുന്നെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ ബിജു അന്വേഷണ സംഘത്തോട് സമ്മതിച്ചു. 

നാലു ദിവസത്തിലേറെയായി പൊലീസ് അന്വേഷിക്കുന്ന ബിജുലാല്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന അവകാശവാദവുമായാണ് മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. തന്‍റെ പാസ്‍വേര്‍ഡ് ഉപയോഗിച്ച് മറ്റാരോ തട്ടിപ്പു നടത്തിയാതാകാമെന്നും ബിജു ലാല്‍ അവകാശപ്പെട്ടു. തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്‍റെ ഓഫിസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് സംഘം ബിജുവിനെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ കീഴടങ്ങുകയായിരുന്നു ബിജുവിന്‍റെ ലക്ഷ്യമെങ്കിലും ഇതിനു മുമ്പു തന്നെ അറസ്റ്റ് നടന്നു. 

മാധ്യമങ്ങള്‍ക്കു മുന്നില്‍ എല്ലാം നിഷേധിച്ചുവെങ്കിലും അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ കുറ്റം സമ്മതിച്ചു. ഓണ്‍ലൈന്‍ ചീട്ടു കളിയിലുണ്ടായ നഷ്ടം നികത്താനാണ് മോഷണം നടത്തിയതെന്നും മുമ്പ് പലഘട്ടങ്ങളിലായി 75 ലക്ഷം രൂപ മോഷ്ടിച്ചിട്ടുണ്ടെന്നും ബിജു സമ്മതിച്ചതായി അന്വേഷണ സംഘത്തലവന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അറസ്റ്റിനു പിന്നാലെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ബിജുവിനെ എത്തിച്ച് കൊവിഡ് പരിശോധന നടത്തി. നാളെയാകും കോടതിയില്‍ ഹാജരാക്കുക. ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്നാണ് വിരമിച്ച ഉദ്യോഗസ്ഥന്‍റെ യൂസര്‍ ഐഡിയും പാസ്‍വേര്‍ഡും ഉപയോഗിച്ച് ബിജുലാല്‍ രണ്ടു കോടി രൂപ തട്ടിയെടുത്തത്.

click me!