ട്രഷറിയിലെ സാങ്കേതിക പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാകുമെന്ന് ധനമന്ത്രി; പുതിയ സർവർ ഉടൻ സ്ഥാപിക്കും

By Web TeamFirst Published Apr 26, 2021, 3:33 PM IST
Highlights

എൻഐസിയാണ് സോഫ്റ്റ്‍വെയർ നിർമ്മിച്ചതും പരിപാലിക്കുന്നതും. സർവർ കപ്പാസിറ്റി കൂട്ടിയാൽ പ്രശ്നം പരിഹരിക്കാമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർവർ വാങ്ങിയത്.

തിരുവനന്തപുരം: സംസ്ഥാന ട്രഷറിയിലെ സോഫ്റ്റ്‍വെയർ സർവർ പ്രതിസന്ധിക്ക് ഒരു മാസത്തിനകം പരിഹാരമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പുതിയ സർവർ ഒരു മാസത്തിനകം പ്രവർത്തിച്ച് തുടങ്ങുമെന്ന് മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ട്രഷറിയിൽ സോഫ്റ്റ്‍വെയർ തകരാർ മൂലം ഇടപാടുകളെല്ലാം താളം തെറ്റുന്നത് പതിവാണ്. എല്ലാ മാസവും ആദ്യ ആഴ്ചയാണ് സ്ഥിരമായി സാങ്കേതിക പ്രശ്നം ഉണ്ടാകുന്നത്. എപ്രിൽ ഒന്ന് മുതൽ പുതുക്കിയ ശമ്പളവും പെൻഷനും നൽകാൻ സോഫ്റ്റ്‍വെയർ പ്രശ്നം വലിയ വെല്ലുവിളിയുണ്ടാക്കി. പെൻഷൻ വാങ്ങാനെത്തിയവർ മണിക്കൂറുകളോളം കാത്തിരുന്നു. ട്രഷറികളുട പ്രവർത്തനം ദിവസങ്ങൾ തടസപ്പെട്ടു.

എൻഐസിയാണ് സോഫ്റ്റ്‍വെയർ നിർമ്മിച്ചതും പരിപാലിക്കുന്നതും. സർവർ കപ്പാസിറ്റി കൂട്ടിയാൽ പ്രശ്നം പരിഹരിക്കാമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർവർ വാങ്ങിയത്. എന്നാൽ പുതിയ സർവർ വന്നെങ്കിലും അത് മാറ്റി വയ്ക്കാനും വൈകി. പുതുക്കിയ ശമ്പളമുൾപ്പടെ നൽകിയ ശേഷം ഇപ്പോൾ സർവർ മാറ്റിവയ്ക്കാനുള്ള നടപടികൾ തുടങ്ങി.

അതുവരെ അത്യാവശ്യ ഇടപാടുകൾ മാത്രം നടത്താനാണ് സബ്ട്രഷറികൾക്ക് നൽകിയ നിർദ്ദേശം. പുതിയ സർവർ വരുന്നതോടെ ഇടപാടുകൾക്ക് വേഗം കൂടുമെന്നാണ് പ്രതീക്ഷ. എന്നാൽ സോഫ്റ്റ്‍വെയർ പഴുതുകൾ കൂടി പൂർണ്ണമായും അടച്ചാലെ പ്രശ്നങ്ങൾക്ക് പൂർണ്ണമായും പരിഹാരമാകുവെന്നാണ് ജീവനക്കാരുടെ പക്ഷം.

 

click me!