കെഎസ്ആർടിസി ക്രമക്കേടിൽ വിജിലൻസ് അന്വേഷണം; ഉത്തരവ് ഉടൻ പുറത്തിറങ്ങിയേക്കും

By Web TeamFirst Published Apr 26, 2021, 3:00 PM IST
Highlights

എംഡിയുടെ റിപ്പോര്‍ട്ട്  വിലയിരുത്തിയ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. എംഡി ആരോപണം ഉന്നയിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും വിജിലന്‍സ് അന്വേഷണം പുരോഗമിക്കാത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ 100 കോടിയുടെ സാമ്പത്തിക ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറകടര്‍ ബോര്‍ഡ് യോഗമാണ് തീരുമാനമെടുത്തത്. എംഡി ബിജു പ്രഭാകര്‍ ആരോപണം ഉന്നയിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് വിജിലന്‍സ് അന്വേഷണത്തിന് വഴിയൊരുങ്ങുന്നത്

ജനുവരി 16ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെഎസ്ആർടിസി എംഡി ബിജു പ്രഭാകര്‍ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആക്ഷേപം ഉന്നയിച്ചത്. 2010-13 കാലഘട്ടത്തില്‍ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെ 100 കോടി കാണാനില്ലെന്നു മാത്രമല്ല, ഇത് സംബന്ധിച്ച ഫയലുകള്‍ കെഎസ്ആര്‍ടിസിയില്‍ ഇല്ലെന്ന ഗുരുതര ആരോപണവും എംഡി ഉന്നയിച്ചു. തുടര്‍ന്ന് നിലവിലെ എക്സിക്യൂട്ടീവ് ഡയറക്ടറും ആക്ഷേപം ഉയര്‍ന്ന കാലഘട്ടത്തില്‍ അക്കൗണ്ട്സിന്‍റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനുമായിരുന്ന കെ എം ശ്രീകുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റി.

അദ്ദേഹത്തോട് വിശദീകരണം തേടിയ ശേഷം വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കുമെന്നാണ് എംഡി അറിയിച്ചിരുന്നത്. എന്നാല്‍ വിവാദമുയര്‍ന്ന കാലഘട്ടത്തില്‍ തനിക്ക് അക്കൗണ്ട്സ് ചുമതല ഇല്ലായിരുന്നുവെന്നാണ് ശ്രീകുമാര്‍ നല്‍കിയ വിശദീകരണം. ആരോപണമുയര്‍ന്ന കാലഘട്ടത്തിലെ അക്കൗണ്ട്സ് വിഭാഗം മാനേജര്‍ ഉള്‍പ്പെടെയുള്ള ഉദ്യാഗസ്ഥരില്‍ നിന്ന് ആഭ്യന്തര അന്വേഷണത്തിനേ‍രെ ഭാഗമായി  വിശദീകരണം തേടിയിരുന്നു.

എംഡിയുടെ റിപ്പോര്‍ട്ട്  വിലയിരുത്തിയ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. എംഡി ആരോപണം ഉന്നയിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും വിജിലന്‍സ് അന്വേഷണം പുരോഗമിക്കാത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഡയറക്ടര്‍ ബോര്‍ഡ് തീരുമാനപ്രകാരം  വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് എംഡി ഉടന്‍ ഉത്തരവിറക്കും.

 

click me!