'ജീവനറ്റ ചോരക്കുഞ്ഞുങ്ങളെ രാത്രി തന്നെ അവര്‍ ചാക്കിലാക്കി കൊണ്ടുപോയി'; കണ്ണീരോടെ നാട്ടുകാര്‍, കൊടും ക്രൂരത

By Web TeamFirst Published Sep 2, 2022, 12:02 PM IST
Highlights

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വരുന്നതിന് അര മണിക്കൂര്‍ മുമ്പ് ചാക്കുമായി വന്ന് ചത്ത കിളികളെ എടുത്ത് മാറ്റുകയായിരുന്നു. ഇത് അടുത്തുള്ള സ്ഥലത്തു കൊണ്ടുപോയി മറവു ചെയ്യുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു

മലപ്പുറം:  മലപ്പുറത്ത് ദേശീയപാത വികസനത്തിനായി മരം മുറിച്ചപ്പോൾ  പക്ഷികൾ അരുംകൊല ചെയ്യപ്പെട്ട  സംഭവത്തിൽ പ്രതിഷേധമുയര്‍ത്തി നാട്ടുകാര്‍. മരം മുറിച്ച നടപടിക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് നാട്ടുകാരില്‍ നിന്ന് ഉയരുന്നത്. മൂന്ന് ചാക്കുകളിലാക്കി ചത്ത കിളികളെ കരാര്‍ തൊഴിലാളികള്‍ ഇന്നലെ രാത്രി കൊണ്ടു പോയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വരുന്നതിന് അര മണിക്കൂര്‍ മുമ്പ് ചാക്കുമായി വന്ന് ചത്ത കിളികളെ എടുത്ത് മാറ്റുകയായിരുന്നു. ഇത് അടുത്തുള്ള സ്ഥലത്തു കൊണ്ടുപോയി മറവു ചെയ്യുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കരാര്‍ എടുത്ത കമ്പനിയുടെ ആളുകളല്ലാതെ മറ്റാരും മരം മുറിക്കുമ്പോള്‍ ഉണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഇന്ന് രാവിലെ ചത്ത് പോയ ബാക്കി കിളികളെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് എടുത്ത് മാറ്റിയത്.

കാര്‍ഡ് ബോര്‍ഡ്  ബോക്സുകളിലായി അവയെ കൊണ്ട് പോകുമ്പോഴും മരത്തിന് അടയില്‍ പാതി ജീവനുള്ള കിളിക്കുഞ്ഞുങ്ങളെ കാണാമായിരുന്നു. ചത്ത് പോയ കുഞ്ഞുങ്ങള്‍ക്ക് ചുറ്റും വട്ടമിട്ട് പറക്കുന്ന അമ്മക്കിളികളുടെ ദൃശ്യങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമായി. ഈ ഭാഗത്ത് നിന്ന് നിരവധി മരങ്ങളാണ് ദേശീയ പാതയ്ക്ക് വേണ്ടി മുറിച്ച് മാറ്റിയത്. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് കൊടു ക്രൂരതയെ കുറിച്ച് പുറംലോകം അറി‌ഞ്ഞത്. മുപ്പതോളം മരങ്ങള്‍ പ്രദേശത്ത് നിന്ന് ഇതിനകം വെട്ടിമാറ്റയിരുന്നു. ഇതോടെ ആ മരങ്ങളിലെ ഉള്‍പ്പെടെ കിളികള്‍ ഈ മരത്തിലാണ് കൂടുകൂട്ടിയിരുന്നത്. 

അതേസമയം, പക്ഷികൾ അരുംകൊല ചെയ്യപ്പെട്ട  സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായിട്ടുണ്ട്. ജെ സി ബി ഡ്രൈവറേയും വാഹനവും വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തു. കരാർ കമ്പനിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരം ആണ് വനം വകുപ്പ് കേസെടുത്തത്. കെ എൻ ആർ സി എന്ന കമ്പനിയാണ് ദേശീയപാത വികസനത്തിനു കരാർ ഏറ്റെടുത്തിരിക്കുന്നത്. മരം മുറിക്കുന്നതിന് ഇവർ ഉപകരാർ നൽകുകയായിരുന്നു.  

വനം വകുപ്പിന്‍റെ അനുമതി ഇല്ലാതെയാണ് മരം മുറിയെന്ന് കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പിന്‍റെ നിര്‍ദ്ദേശം ലംഘിച്ചാണ് ഇത് ചെയ്തിരിക്കുന്നത്. രാമനാട്ടുകര മുതൽ പൊന്നാനി അതിർത്തി വരെയുള്ള ഭാഗത്ത്  രണ്ടായിരത്തിലേറെ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയിരുന്നു. അതിൽ ഈ മരം ഉൾപ്പെട്ടിട്ടില്ല. അനുമതി ഇല്ലാതെ കൂടുതൽ മരങ്ങൾ മുറിച്ചോ എന്നും വനം വകുപ്പ് പരിശോധിക്കും. 

മരംമുറിച്ചതിനെ തുടർന്ന് പക്ഷികൾ ചത്ത സംഭവം; റിപ്പോർട്ട് തേടി വനം, പൊതുമരാമത്ത് മന്ത്രിമാർ, കേസ്

മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവം, കരാറുകാർക്കെതിരെ കേസ്,വനംവകുപ്പ് നടപടി വന്യജീവി സംരക്ഷണ നിയമപ്രകാരം
 

click me!