മരം കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന് വയനാട്ടിൽ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിൽ

By Web TeamFirst Published Jun 16, 2021, 7:14 AM IST
Highlights

സർക്കാർ ഉത്തരവിൻ്റെ മറവിൽ സംസ്ഥാന വ്യാപകമായി നൂറുകോടിയുടെ വനം കൊള്ളയാണ് നടന്നിരിക്കുന്നതെന്നും മുറിച്ച തടികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്താൻ സാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു.

വയനാട്/കൊച്ചി: റവന്യൂ ഉത്തരവിന്റെ മറവിൽ  സംസ്ഥാനത്തു നടന്ന മരം കൊള്ളയെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് വയനാട്ടിൽ എത്തും. എഡിജിപി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട്ടിൽ എത്തുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം മരം കൊള്ള നടന്ന മുട്ടിൽ സൗത്ത് വില്ലേജിലെ വിവിധയിടങ്ങളിൽ സംഘം സന്ദർശിക്കും. 

ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയ ഭൂമിയിൽ നിന്നും ഈട്ടിമരം മുറിച്ചുമാറ്റിയ സ്ഥലങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ സന്ദർശിക്കും. ഭൂവുടമകളായ ആദിവാസികൾ കർഷകർ തുടങ്ങിയവരിൽ നിന്നും വിവരങ്ങൾ ആരായും. മരം മോഷണം പോയെന്ന പരാതിയിൽ പോലീസ് ഇതിനോടകം വയനാട്ടിൽ അന്വേഷണം തുടങ്ങിയിരുന്നു. ഇവരുമായും സംഘം ചർച്ച നടത്തും. വനം വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണ്.

സർക്കാർ ഉത്തരവിൻറെ മറവിൽ പട്ടയഭൂമിയിലെ മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സർക്കാർ ഏജൻസികൾ അന്വേഷിച്ചാൽ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ദില്ലി മലയാളിയാണ് ഹൈക്കോടതിയെ സമീപിച്ചത്.  

സർക്കാർ ഉത്തരവിൻ്റെ മറവിൽ സംസ്ഥാന വ്യാപകമായി നൂറുകോടിയുടെ വനം കൊള്ളയാണ് നടന്നിരിക്കുന്നതെന്നും മുറിച്ച തടികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്താൻ സാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യമാണെന്നാണ് വാദം. ഹർജിയിൽ തീരുമാനമെടുക്കും വരെ വനംവകുപ്പ് നടത്തുന്ന അന്വേഷണം നിർത്തിവയ്ക്കാൻ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

 

 

click me!