Tree Felling Case : മരം മുറി കേസ്; ഉദ്യോഗസ്ഥയ്ക്ക് എതിരായ പരാമർശം നീക്കി, ഗുഡ് സർവ്വീസ് തിരികെ നൽകില്ല

Published : Feb 16, 2022, 10:38 AM IST
Tree Felling Case : മരം മുറി കേസ്; ഉദ്യോഗസ്ഥയ്ക്ക് എതിരായ പരാമർശം നീക്കി, ഗുഡ് സർവ്വീസ് തിരികെ നൽകില്ല

Synopsis

മരം മുറിയുടെ രേഖകൾ ഉന്നത ഉദ്യോഗസ്ഥർ അറിയാതെ വിവരാവകാശം വഴി നൽകിയതിനായിരുന്നു ഉദ്യോ​ഗസ്ഥ‌യ്ക്കെതിരെ നടപടിയെടുത്തത്. റവന്യൂ സെക്രട്ടറിയുടെ ഉത്തരവിനെതിരെ ശാലിനി മന്ത്രിക്ക് പരാതി നൽകിയിരുന്നു.

തിരുവനന്തപുരം: മരം മുറി കേസിൽ റവന്യു വകുപ്പിലെ മുൻ അണ്ടർ സെക്രട്ടറി ഒ ജി ശാലിനിക്കെതിരായ പരാമർശം നീക്കി. ശാലിനി വിശ്വാസ്യതയില്ലാത്ത ഉദ്യോഗസ്ഥയെന്ന പരാമർശമാണ് നീക്കം ചെയ്തത്. ശാലിനിയുടെ ഗുഡ് സർവ്വീസ് എൻട്രി തിരിച്ചെടുത്ത ഉത്തരവിലാണ് റവന്യൂ സെക്രട്ടറി വിവാദ പരാമർശം ഉൾപ്പെടുത്തത്. പരാമ‌ർശം നീക്കിയെങ്കിലും ​ഗുഡ് സ‌ർവ്വീസ് തിരിച്ചെടുത്ത നടപടിക്ക് മാറ്റമില്ല. 

മരം മുറിയുടെ രേഖകൾ ഉന്നത ഉദ്യോഗസ്ഥർ അറിയാതെ വിവരാവകാശം വഴി നൽകിയതിനായിരുന്നു ഉദ്യോ​ഗസ്ഥ‌യ്ക്കെതിരെ നടപടിയെടുത്തത്. റവന്യൂ സെക്രട്ടറിയുടെ ഉത്തരവിനെതിരെ ശാലിനി മന്ത്രിക്ക് പരാതി നൽകിയിരുന്നു. പരാതി ചീഫ് സെക്രട്ടറി പരിശോധിച്ചാണ് പരാമർശം നീക്കിയത്. 

പട്ടയവിതരണത്തിൽ ശാലിനി നടത്തിയ പ്രവർത്തനങ്ങളെ പ്രശംസിച്ചാണ് 2021 ഏപ്രിലിൽ ​ഗുഡ് സർവീസ് എൻട്രി നൽകിയത്.‌ മരംമുറി വിഷയത്തിൽ വിവരാവകാശ നിയമപ്രകാരം രേഖകൾ നൽകിയതിന് പിന്നാലെ ഉന്നത ഉദ്യോ​ഗസ്ഥരുടെ നിർ‍ദ്ദേശ പ്രകാരം ശാലിനി അവധിയിൽ പ്രവേശിച്ചു. ആഭ്യന്തര അന്വേഷണത്തിൽ ശാലിനി നടത്തിയിട്ടുള്ള പ്രവർത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഗുഡ് സർവ്വീസ് എൻട്രി പിൻവലിക്കുന്നുവെന്നായിരുന്നു ‌റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എ ജയതിലക് ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ശാലിനിയെ സെക്രട്ടറിയറ്റിന് പുറത്തേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. 

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് റവന്യു  ഉത്തരവിന്‍റെ മറവിൽ പട്ടയ ഭൂമിയിൽ നിന്നും വന ഭൂമിയിൽ നിന്നും വ്യാപകമായി മരം മുറിച്ച് കടത്തിയതാണ് വലിയ വിവാദങ്ങളുണ്ടാക്കിയത്. വിവിധ ജില്ലകളിൽ നിന്നാണ് 14.42 കോടിയുടെ മരമാണ് മുറിച്ചു കടത്തിയത്. 

Read More : മുട്ടിൽ മരം മുറി കേസ്; അന്വേഷണം സംഘം സമർപ്പിച്ച റിപ്പോർട്ട് എഡിജിപി മടക്കി

മരം മുറിയിൽ വനം- റവന്യൂ വകുപ്പ്  ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ച് ഏഴു മാസം കഴിഞ്ഞിട്ടും ഇതുവരെ അന്തിമ നിഗമനത്തിലേക്ക് അന്വേഷണം സംഘം എത്തിയിട്ടില്ല. കൃത്യമായ നിഗമനങ്ങളില്ലാതെയാണ് ക്രൈം ബ്രാഞ്ച് പ്രാഥമിക റിപ്പോർട്ട് നൽകിയത്. 10 വനം വകുപ്പ് ഉദ്യോഗസ്ഥരെ റിപ്പോർട്ടിൽ പരമാർശമുണ്ട്. പക്ഷെ ഓരോ ഉദ്യോഗസ്ഥൻ്റെയും വീഴ്ചകളെ കുറിച്ചും മരം മുറിയിലെ പങ്കിനെ കുറിച്ചും കൃത്യമായ വിവരങ്ങളില്ല. ഈ സാഹചര്യത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് മടക്കി അയച്ചിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി വേണോ കേസിൽ പ്രതിയാക്കണമോയെന്ന് വ്യക്തമാക്കി റിപ്പോർട്ട് നൽകാനാണ് അന്വേഷണ ഉദ്യോഗസ്ഥന് ക്രൈം ബ്രാഞ്ച് മേധാവി നൽകിയിരിക്കുന്ന നിർദ്ദേശം. 

PREV
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി ഡി സതീശൻ
ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അന്ന് പിടി എതിർത്തു: ആരുമറിയാതെ പോകുമായിരുന്ന ക്രൂരത നിയമവഴിയിലേക്കെത്തിയത് പിടി തോമസിന്റെ ഇടപെടൽ മൂലം