മരം മുറി വിവാദം; ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ

By Web TeamFirst Published Jul 17, 2021, 4:42 PM IST
Highlights

മരം മുറി അന്വേഷണം വഴി തെറ്റിക്കാൻ ശ്രമിച്ചെന്നാണ് കണ്ടെത്തൽ. എന്‍ ടി സാജനെതിരെ വിജിലന്‍സ് വിഭാഗവും നേരത്തെ റിപ്പോർട്ട് കൈമാറിയിരുന്നു.

തിരുവനന്തപുരം: മരംമുറി വിവാദത്തിൽ നിരവധി ആരോപണങ്ങൾ നേരിട്ട ഫോറസ്റ്റ് കൺസർവേറ്റർ എൻ ടി സാജനെ സസ്പെൻഡ് ചെയ്തേക്കും. മുറിച്ച മരം പിടിച്ച ഉദ്യോഗസ്ഥനെ കുടുക്കാനും അന്വേഷണം വഴിതെറ്റിക്കാനും ശ്രമിച്ചതിന് സാജനെ സസ്പെൻഡ് ചെയ്യാൻ ഫോറസ്റ്റ് പിസിസിഎഫ് ശുപാർശ ചെയ്തു. ശുപാർശയിൽ ഉടൻ തീരുമാനമുണ്ടാകും.

മരംമുറി വിവാദം ശക്തമായപ്പോൾ മുതൽ നിരവധി ആരോപണങ്ങളാണ് എൻ ടി സാജനെതിരെ ഉയർന്നത്. പ്രതികളുമായി ബന്ധമുണ്ടെന്നും കേസ് ഒത്ത് തീർപ്പാക്കാൻ വനംമന്ത്രിയെ സന്ദർശിച്ചെന്നും  പ്രതിപക്ഷം വലിയ ആക്ഷേപം ഉന്നയിച്ചിരുന്നു. വനംമന്ത്രിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പിസിസിഎഫ് നടത്തിയ അന്വേഷണത്തിലാണ് സാജനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തത്. വയനാട്ടിൽ നിന്നും മുറിച്ച മരങ്ങൾ പെരുമ്പാവൂരിലേക്ക് കടത്തിയത് പിടിച്ചെടുത്ത മേപ്പാടി റേഞ്ച് ഓഫീസർ സമീർ എംകെയെ കുടുക്കാൻ ശ്രമിച്ചതിനാണ് നടപടി. പ്രതികൾക്കെതിരെ ചുമത്തിയ കടുത്ത വകുപ്പുകൾ ലഘൂകരിക്കാൻ സാജൻ ആവശ്യപ്പെട്ടുവെന്ന പരാതി സമീർ നേരത്തെ ഉന്നയിച്ചിരുന്നു. ഇതിന് തയ്യാറാകാത്തതതിനെ തുടർന്ന സമീർ അവധിയിൽ പോയിരുന്നു.

പഴയ ഒരു മരംമുറിയുടെ പേരിൽ സമീറിനെതിരെ നടപടിക്കും സാജൻ ശുപാർശ ചെയ്തതും വിവാദമായിരുന്നു. ഈ കാര്യങ്ങളൊക്കെ പരിശോധിച്ചാണ് നടപടി. മരംമുറി കേസിലെ പ്രതി റോജി അഗസ്റ്റിന്‍റെ ഡ്രൈവറുടെ പരാതിയിലാണ് സമീറിനെതിരായ സാജന്‍റെ നീക്കം. വിവാദങ്ങൾക്കിടെ വനംമന്ത്രിയും സാജനും ഒരുമിച്ച് ഒരു ചടങ്ങിൽ പങ്കെടുത്ത ഫോട്ടോ പുറത്തുവന്നതും ചർച്ചയായിരുന്നു. മരംമുറിയിൽ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടി വരുന്നത് ഇതാദ്യമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!