'ചിലരുടെ ദുരുപയോഗം ഉത്തരവിന്‍റെ കുഴപ്പമല്ല'; വിവാദ ഉത്തരവിനെ ന്യായീകരിച്ച് റവന്യൂ മന്ത്രി

By Web TeamFirst Published Jun 13, 2021, 10:51 AM IST
Highlights

റവന്യൂ വകുപ്പ് മാത്രമായി മുൾമുനയിൽ നിൽക്കുന്ന സാഹചര്യം നിലവിലില്ല. വകുപ്പ് തിരിച്ചുള്ള പോര് ഒന്നും നടക്കുന്നില്ലെന്നും കൃത്യതയോടെയുള്ള സമീപനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി അനധികൃത മരംമുറിക്ക് കാരണമായ വിവാദ ഉത്തരവിനെ ന്യായീകരിച്ച് റവന്യൂ മന്ത്രി കെ രാജൻ. പൊതു ആവശ്യപ്രകാരമാണ് ഉത്തരവിറക്കിയത്. പ്രശ്നം ഉത്തരവിന്റെ അല്ലെന്നും നടന്നത് ദുർവ്യാഖ്യാനമാണെന്നും മന്ത്രി പറഞ്ഞു. ചിലരുടെ ദുരുപയോഗം ഉത്തരവിന്‍റെ കുഴപ്പമല്ല. ഉത്തരവിന്‍റെ പേരില്‍ റവന്യൂ വകുപ്പ് മത്രമായി മുള്‍മുനയിലാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മരംമുറി സംബന്ധിച്ച് സമഗ്രമായ പരിശോധന നടക്കുകയാണ്. ഉത്തരവ് ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ അവരെ കർശനമായി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. പേടിക്കാൻ ഒന്നുമില്ലെന്നും റവന്യൂ വകുപ്പ് മാത്രമായി മുൾമുനയിൽ നിൽക്കുന്ന സാഹചര്യം നിലവിൽ ഇല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വകുപ്പ് തിരിച്ചുള്ള പോര് ഒന്നും നടക്കുന്നില്ലെന്നും കൃത്യതയോടെയുള്ള സമീപനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരിന് പേടിക്കാൻ ഒന്നുമില്ല. ഉത്തരവ് പുതുക്കി ഇറക്കുന്നതിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കർഷകരുടേയും മേഖലയിലെ ജനങ്ങളുടെയും ആവശ്യം പരിഗണിച്ചായിരിക്കും തുടർ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

click me!