മാനന്തവാടിയിലും മരം കൊള്ള; കടത്തിയത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍

By Web TeamFirst Published Jun 3, 2021, 8:55 AM IST
Highlights

മാനന്തവാടി കാട്ടിക്കുളം തിരുനെല്ലി അപ്പപ്പാറ തോല്‍പെട്ടി എന്നിവിടങ്ങളിലെ മരങ്ങളിലധികവും ഇതിനോടകം മുറിച്ചുമാറ്റി. തെരഞ്ഞെടുപ്പ് കാലമായി മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് ഏറ്റവുമധികം മരം മുറി നടന്നത്. അപ്പപ്പാറയില്‍ ഇപ്പോഴും മരം മുറിച്ചുമാറ്റുന്നുണ്ടെങ്കിലും നടപടിയൊന്നുമില്ല. 

വയനാട്: വയനാട് വൈത്തിരിയിലെ പട്ടയഭൂമയില്‍ നിന്നും ഈട്ടിമരം മുറിച്ച് കടത്തിയ സംഘം മാനന്തവാടിയില്‍ മുറിച്ചുമാറ്റിയത് തോട്ടഭൂമയിലെ ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍. തോട്ടഭൂമയിലെ മരങ്ങള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ മുറിക്കരുതെന്ന ചട്ടം നിലനില്‍ക്കെയാണ് റവന്യു വനം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയുള്ള നടപടി. പലതവണ പരാതി നല്‍കിയിട്ടും അന്വേഷണം നടക്കാത്തത് ഉദ്യോഗസ്ഥ രാഷ്ട്രീയ ബന്ധം മൂലമെന്നാണ് നാട്ടുകാരുടെ ആരോപണം.

മുറിച്ചുകടത്തുന്നത് ആയിരത്തിലധികം ഏക്കര്‍ തോട്ടഭൂമയില്‍ നിന്ന് ലക്ഷകണക്കിന് രൂപയുടെ ഈട്ടി മരങ്ങൾ. തേക്കും മറ്റ് വിലകൂടിയ മരങ്ങളും വേറെ. ബ്രഹ്മഗിരി, ആക്കോല്ലി, കാല്‍വരി, ലക്ഷ്മി എന്നി എസ്റ്റേറ്റുകളിലാണ് മരംമുറി അധികവും നടക്കുന്നത്. ഭൂപരിഷ്കരണ നിയമപ്രകാരം തോട്ടഭൂമിയിലെ മരങ്ങളെല്ലാം സര്‍ക്കാരിന്‍റേതാണ്. മുറിച്ചുമാറ്റണമെങ്കില്‍ റവന്യു ഉദ്യോഗസ്ഥരുടെ അനുമതി വേണമെന്നാണ് നിയമം. ഉണങ്ങി ദ്രവിച്ചമരങ്ങള്‍ മാത്രമെ മുറിച്ചുമാറ്റാന്‍ സര്‍ക്കാർ അനുമതി നല്‍കാവൂ എന്നാണ് ഭൂപരിഷ്കരണ നിയമത്തില്‍ നല്‍കുന്ന നിര്‍ദ്ദേശം. ഇതെല്ലാം കാറ്റില്‍ പറത്തി മാനന്തവാടിയിലെ റവന്യു വനം ഉദ്യോഗസ്ഥര്‍ മരം കടത്തുകാര്‍ക്കൊപ്പം ചേര്‍ന്ന് നടത്തിയത് കോടികളുടെ കൊള്ള.

click me!