
കൊച്ചി: മാസപ്പടി കേസിലെ എസ്എഫ്ഐഒ കുറ്റപത്രത്തിനെതിരെ സിഎംആർഎൽ ഹൈക്കോടതിയിലേക്ക്. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടി സ്വീകരിക്കാനുള്ള വിചാരണക്കോടതി തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജി. സിഎംആര്‍എലിന്റെ വാദം കേള്‍ക്കാതെയാണ് തീരുമാനമെടുത്തതെന്ന് ഹര്‍ജിയില്‍ വാദം.
രണ്ട് രീതിയിലുള്ള നീക്കങ്ങളാണ് ഇപ്പോള്‍ സിഎംആര്‍എല്ലിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞദിവസം എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിച്ചിരുന്നു. ഇനി എതിര്‍കക്ഷികള്‍ക്ക് സമന്‍സ് അയക്കേണ്ട നടപടികളിലേക്കാണ് പോകേണ്ടത്. ഫയലിൽ സ്വീകരിച്ച നടപടി ചോദ്യം ചെയ്തുകൊണ്ടാണ് സിഎംആര്‍ൽ ഇപ്പോള്‍ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയിരിക്കുന്നത്.
തങ്ങളുടെ വാദം കേള്‍ക്കാതെയാണ് തീരുമാനമെടുത്തത് എന്നൊരു വാദമാണ് സിഎംആര്‍എൽ ഉന്നയിക്കുന്നത്. സാധാരണ ഗതിയില്‍ കോടതി ചെയ്യുന്നത് ഇത്തരത്തിലൊരു കുറ്റപത്രം കിട്ടിയാൽ ആ കുറ്റപത്രം പരിഗണന യോഗ്യമാണോ എന്നും അതിൽ കൃത്യമായ രേഖകള്‍ ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തി ഫയലിൽ സ്വീകരിക്കുക എന്നതാണ്. ഈ രിതീയില്‍ തന്നെയാണ് കോടതി മുന്നോട്ട് പോയത്. കുറ്റപത്രം കൊടുത്തതിന് പിന്നാലെ സിഎംആര്‍എൽ നിയമനടപടി ആരംഭിച്ചു എന്നാണ് ഇതില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്.
രണ്ടാമത്തേത് എറണാകുളം അഡീഷന്‍സ് സെഷന്‍സ് കോടതിയിൽ അവര്‍ അപേക്ഷ നൽകിയിട്ടുണ്ട് എന്നതാണ്. ഈ അപേക്ഷയിൽ കുറ്റപത്രത്തിന്‍റെ പകര്‍പ്പ് വേണം എന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സാധാരണ ഗതിയില്‍ കുറ്റപത്രത്തിന്‍റെ പകര്‍പ്പിന് കാലതാമസം ഉണ്ടാകാറുണ്ട്.ആ കാലതാമസം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാകണം, അവര്‍ അതിവേഗം തന്നെ പകര്‍പ്പ് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരിക്കുന്നത്.