ഉത്ര വധക്കേസ് വിചാരണം ഡിസംബർ ഒന്നിന് തുടങ്ങും; സൂരജിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി

By Web TeamFirst Published Nov 2, 2020, 1:02 PM IST
Highlights

ആറ് മാസത്തിലേറെയായി താൻ പൊലീസ് കസ്റ്റഡിയിലാണെന്നും ഈ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് സൂരജ് നൽകിയ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി.

കൊല്ലം: ഉത്ര വധക്കേസിൻ്റെ വിചാരണ ഡിസംബർ ഒന്നിന് തുടങ്ങും. വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായി സൂരജിനെതിരായ കുറ്റപത്രം കൊല്ലം ജില്ലാ സെഷൻസ് കോടതിയിൽ വായിച്ചു കേൾപ്പിച്ചു. കുറ്റപത്രം വായിച്ചു കേൾപ്പിച്ച ഘട്ടത്തിൽ സൂരജ് കുറ്റം നിഷേധിച്ചു. ഇതോടെയാണ് വിചാരണ ആരംഭിക്കാൻ കോടതി ഉത്തരവിട്ടത്. 

ആറ് മാസത്തിലേറെയായി താൻ പൊലീസ് കസ്റ്റഡിയിലാണെന്നും ഈ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് സൂരജ് നൽകിയ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസിൽ സൂരജ് മാത്രമാണ് പ്രതി. ഇക്കഴിഞ്ഞ ആഗസ്റ്റ് 14നാണ് ജില്ലാ ക്രൈംബ്രാഞ്ച് ഉത്ര വധക്കേസിലെ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം കോടതി അംഗീകരിക്കുന്നതിനു മുന്നോടിയായുളള വാദം ഒക്ടോബർ പതിനാലിനാണ് ആരംഭിച്ചത്. 

മെയ് മാസം ആറിനാണ് കൊല്ലം അഞ്ചൽ സ്വദേശിനിയായ ഉത്രയെ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്. കേസിൽ സൂരജ് മാത്രമാണ് പ്രതി. അറസ്റ്റിലായ പാമ്പു പിടുത്തക്കാരൻ സുരേഷിനെ പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു. സൂരജിൻറെ കുടുംബാംഗങ്ങൾ പ്രതികളായ ഗാർഹിക പീഡന കേസിലെ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ് പി എ. അശോകൻ അറിയിച്ചു.

click me!