
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി ബാലൻ കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ കോട്ടത്തറ ട്രൈബൽ ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം. കടുത്ത പനിയുണ്ടായിട്ടും കുട്ടിയെ കിടത്തി ചികിത്സിക്കാതെ മടക്കി അയച്ചുവെന്നാണ് കുടംബം പറയുന്നത്. എന്നാൽ, ആശുപത്രിയുടെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു.
അട്ടപ്പാടിയിൽ കൊവിഡ് ബാധിച്ച് രണ്ട് വയസുകാരൻ മരിച്ചത് കോട്ടത്തറ ആശുപത്രിയുടെ വീഴ്ച്ചയാണെന്ന ആരോപണവുമായാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെയാണ് സൈജു, സരസ്വതി ദമ്പതികളുടെ മകൻ സ്വാദീഷ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് കുട്ടിയെ ചൊവ്വാഴ്ച അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ ആദ്യം കാണിച്ചു. പനി കുറയാത്തതിനെ തുടർന്ന് വ്യാഴാഴ്ച കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. മരുന്ന് നൽകിയ ശേഷം വീട്ടിലേക്ക് മടങ്ങിക്കൊള്ളാൻ ആശുപത്രി അധികൃതർ പറഞ്ഞെങ്കിലും കുട്ടി അവശനായതോടെ മാതാപിതാക്കൾ കിടത്തി ചികിത്സ ആവശ്യപ്പെട്ടു. എന്നാൽ ഇതവഗണിച്ച്, നിർബന്ധിച്ച് തിരികെ അയച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
എന്നാൽ ആശുപത്രിയുടെ ഭാഗത്ത് നിന്നും വീഴ്ച്ചയില്ലെന്നാണ് സൂപ്രണ്ട് പറയുന്നത്. കുട്ടിയെ മൂന്ന് മണിക്കൂർ നിരീക്ഷിച്ച ശേഷമാണ് മടക്കി അയച്ചത്. ചുമ ഒഴികെ മറ്റ് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. അടുത്ത ദിവസം ശിശുരോഗ വിദഗ്ധനെ കാണിക്കണമെന്നും അറിയിച്ചിരുന്നു. ചെറിയ കുട്ടിയായത് കൊണ്ടാണ് കൊവിഡ് ടെസ്റ്റ് നടത്താതിരുന്നതെന്നും സൂപ്രണ്ട് ഡോ അബ്ദുള്‍ റഹ്മാന്‍ വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam