
പാലക്കാട്: നെല്ലിയാമ്പതിയിലെ ചെറുനെല്ലി ആദിവാസി കോളനിയിൽ പഠനം പാതിവഴിയിലുപേക്ഷിച്ച് കുട്ടികൾ. ജാതി വിവേചനവും മാനസിക പീഡനവുമെന്ന് ആരോപണം. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് സ്കൂൾ അധികൃതർ രംഗത്തെത്തി. പഠിക്കാൻ ആഗ്രമുണ്ട്. പക്ഷേ മണ്ണ് വാരിയിടും. അതുകൊണ്ട് പഠിക്കാൻ പോവില്ല - ഒരു കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഒത്ത കാടിന്റെ നടുവിൽ നിന്ന് അക്ഷരമെന്ന ആഗ്രഹം മനസിലിട്ട് കിലോമീറ്ററുകൾ നടന്നു താണ്ടി സ്കൂളിലെത്തിയ പെൺകുട്ടിയാണ്. അവിടെ കാത്തിരുന്നത് ജാതി വിവേചനം മുതലുളള വേർതിരിവ്. കൂടെ കളിക്കാൻ കൂട്ടാത്ത സഹപാഠികൾ. ചോറിൽ മണ്ണുവാരിയിടുന്നവർ. എല്ലാം മടുത്തപ്പോൾ ഇവൾ ആരോടും പറയാതെ രണ്ട് വർഷം മുൻപ് സ്കൂൾ പഠനം അവസാനിപ്പിച്ചു.
സാറമ്മാര് തെറ്റ് ചെയ്യുന്നവരാണ്. ദേഹത്ത് കൈ വയ്ക്കും. ബാഗ് വലിച്ചെറിയും - മറ്റൊരു പെൺകുട്ടി പറഞ്ഞു. സ്കൂളിലെ അന്തരീക്ഷമേൽപ്പിച്ച മാനസികാഘാതത്തിൽ നിന്ന് ഇവർ ഇനിയും മോചിതരാവാത്തതിനാലാവണം പഠിച്ച വിദ്യാലയത്തിന്റെ പേരുപോലും ഓർത്തെടുക്കാനാവുന്നില്ല. അമ്മമാർക്കും ചിലതൊക്കെ അറിയാം .എന്നാൽ ആരോട് പരാതിപ്പെടണമെന്നറിയില്ല. കുളിക്കുന്നതൊക്കെ നോക്കി നടക്കും സാറമ്മാര്, കുളിമുറിയിൽ കേറി നോക്കും. അതൊക്കെ കൊണ്ട് നാണംകെട്ടാണ് അവർ പഠിക്കാൻ പോകാത്തത്. - കുട്ടികളിലൊരാളുടെ അമ്മ പറഞ്ഞു.
അയിലൂരിലെ എസ് എം ഹൈസ്കൂളിലാണ് കുട്ടികൾ പഠിച്ചിരുന്നത്. സ്കൂളിലും ഹോസ്റ്റലിലും ഇത്തരം സംഭവം നടന്നിട്ടില്ലെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. നല്ല രീതിയിൽ മാത്രമാണ് ആദിവാസി കുട്ടികളെ പരിപാലിക്കാറുളളത്. വീടുവിട്ടുനിൽക്കാൻ പറ്റാത്തതിനാലാവാം ഇത്തരം പരാതികൾ പറയുന്നതെന്നും അധ്യാപകർ വാദിക്കുന്നു. എന്നാൽ കുട്ടികൾ പഠിപ്പുനിർത്തിയ സാഹചര്യം ഇതുവരെ ആരും അന്വേഷിക്കാൻ മെനക്കെട്ടിട്ടില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam