
ഇടുക്കി: പണി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ഇടുക്കി അടിമാലിയിലെ ട്രൈബൽ ഹോസ്റ്റൽ കുട്ടികൾക്ക് തുറന്ന് കൊടുക്കുന്നില്ലെന്ന് പരാതി. പുതിയ ഹോസ്റ്റലിന്‍റെ ഉദ്ഘാടനം വൈകുന്നതിനാൽ ഇടിഞ്ഞ് വീഴാറായ പഴയ കെട്ടിടത്തിൽ തിങ്ങി ഞെരുങ്ങിയാണ് കുട്ടികൾ കഴിയുന്നത്.
പട്ടിക വർഗ്ഗ വികസന വകുപ്പ് അഞ്ചരക്കോടി ചെലവിട്ട് അടിമാലി ഇരുമ്പ് പാലത്താണ് ആധുനിക സൗകര്യങ്ങളോടെ ടൈബ്രൽ ഹോസ്റ്റൽ നിർമിച്ചത്. ആദിവാസി വിഭാഗങ്ങളിലെ ആൺകുട്ടികൾക്ക് മികച്ച സ്കൂൾ വിദ്യാഭ്യാസം ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. മെയ്‍ മാസത്തില്‍ ഹോസ്റ്റലിന്‍റെ പണി പൂർത്തിയായി. പുതിയ കെട്ടിടത്തിൽ കൂടുതൽ പേരെ പാർപ്പിക്കാം എന്ന പ്രതീക്ഷയിൽ ഈ അധ്യയന വർഷം ഹോസ്റ്റലിൽ കൂടുതൽ കുട്ടികളെ ചേർത്തു.
എന്നാൽ അധ്യയനം തുടങ്ങി രണ്ട് മാസമായിട്ടും പുതിയ ഹോസ്റ്റൽ ഉദ്ഘാടനം നടത്തി തുറന്ന് കൊടുത്തില്ല. ഇതോടെ എഴുപത്തഞ്ചോളം കുട്ടികൾ തിങ്ങിഞെരുങ്ങിയാണ് പഴയ കെട്ടിടത്തിൽ കഴിയുന്നത്. മഴയെത്തിയതോടെ അരനൂറ്റാണ്ടോളം പഴക്കമുള്ള പഴയ കെട്ടിടം ഏത് നിമിഷവും തകർന്ന് വീഴാവുന്ന നിലയിലാണ്.
നാല് നിലകളിലായി 25,000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് പുതിയ ഹോസ്റ്റൽ കെട്ടിടം. 150 കുട്ടികളെ പാർപ്പിക്കാം. ഓരോ നിലയിലും പഠനമുറികളും കിടപ്പ് മുറികളും ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ഓഫീസിൽ നിന്ന് സാങ്കേതികാനുമതി കിട്ടാത്തതാണ് ഉദ്ഘാടനം വൈകുന്നതിന് കാരണമായി അധികൃതർ പറയുന്നത്. പഴയ കെട്ടിടം അപകടാവസ്ഥയിലായതിനാൽ ഉദ്ഘാടനത്തിന് മുന്പ് തന്നെ പുതിയ കെട്ടിടത്തിലേക്ക് കുട്ടികളെ മാറ്റുന്നതിനെ കുറിച്ചും ജില്ലാ പട്ടിക വർഗ്ഗ വികസന വകുപ്പ് ആലോചിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam