ലൈഫ് പാതിവഴിയിൽ: ഇടുക്കിയില്‍ ആദിവാസി ഭവനനിർമാണം നിലച്ചു,ദുരിതത്തിൽ കുടുംബങ്ങൾ,ഫണ്ടില്ലെന്ന് വിശദീകരണം

By Web TeamFirst Published Aug 25, 2022, 7:20 AM IST
Highlights

ഉള്ള വീട് പൊളിച്ചു മാറ്റി താല്‍കാലിക ഷെഡു പണിത പല കുടുംബങ്ങളും ഈ മഴക്കാലം എങ്ങനെ കഴിച്ചുകൂട്ടുമെന്ന ആശങ്കയിലാണ്

ഇടുക്കി : ഇടുക്കി ജില്ലയിലെ ആദിവാസി മേഖലയില്‍ ലൈഫ് ഭവന പദ്ധതിക്കായുള്ള ഫണ്ട് വിതരണം നിലച്ചിട്ട് നാലുമാസമായിട്ടും പരിഹാരമില്ല. പണം കിട്ടാതായതോടെ 40 പഞ്ചായത്തിലായി ആയിരത്തിൽ അധികം വീടുകളുടെ നിര്‍മ്മാണം പാതിവഴിയില്‍ നിര്‍ത്തി. ഉള്ള വീട് പൊളിച്ചു മാറ്റി താല്‍കാലിക ഷെഡു പണിത പല കുടുംബങ്ങളും ഈ മഴക്കാലം എങ്ങനെ കഴിച്ചുകൂട്ടുമെന്ന ആശങ്കയിലാണ്

 

അടിമാലി സ്വദേശിയായ വിജയന്‍ പാതിവഴിയില്‍ പണി നിര്‍ത്തിയ വീടിന്‍റെ പുല്ലുപറിച്ചുമാറ്റുകയാണ്. ഇനി എന്ന് പണി തുടങ്ങുമെന്നറിയില്ല.സര്‍ക്കാറിന്‍റെ വാക്ക് കേട്ട് ഉള്ള വീടുകൂടി പൊളിച്ചു കളഞ്ഞു. ഇപ്പോള്‍ പ്ലാസ്റ്റിക്ക് കൂരക്കുള്ളിൽ ആണ് ജീവിതം

മൊത്തം 40 പഞ്ചായത്തുകളിലായി 850 കുടുംബങ്ങള്‍ക്കാണ് ആദ്യ രണ്ടു ഗഡുവിനുശേഷം പണം മുടങ്ങിയിരിക്കുന്നത്. ഇനി മന്നാന്‍ സമുദായത്തിന്‍റെ ഊരുമൂപ്പന്‍ ചാറ്റുപാറ കുടിയിലെ തമ്പിക്കും പറയാനുള്ളത് ദുരിത കഥ.മാസം പലത് കഴിഞ്ഞിട്ടും പണം കിട്ടുന്നില്ല. കയറി ഇറങ്ങി മടുത്തു. സുരക്ഷിതമായി കിടക്കാൻ പോലും ഇപ്പോൾ ഇടമില്ലെന്നും  മന്നാന്‍ സമുദായത്തിന്‍റെ ഊരുമൂപ്പന്‍ ചാറ്റുപാറ കുടിയിലെ തമ്പി പറയുന്നു

പലിശക്ക് പണമെടുത്ത് വീടുപണി ഒരുവിധം പൂർത്തിയാക്കിയ രാജേന്ദ്രന്‍ ഇപ്പോള്‍ അവസാന ഗഡുവിനായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. പലിശ കൊടുക്കാനും നിവർത്തി ഇല്ലാത്ത അവസ്ഥ. പലിശ കൂടി ഉള്ള വീട് നഷ്ടമാകുമോ എന്ന ആശങ്കയിലാണ് രാജേന്ദ്രൻ

ഓരോ വീടും പണിയാന്‍ 6 ലക്ഷം രൂപ വീതമാണ് സർക്കാർ നൽകുക. മിക്കവര്‍ക്കും ലഭിച്ചത് രണ്ടുലക്ഷത്തില്‍ താഴെയാണ്. 500ലധികം കുടുംബങ്ങള്‍ ആകെയുള്ള കൂര പൊളിച്ചുകളഞ്ഞാണ് പുതിയത് പണിയാൻ തുടങ്ങിയത്. ഇപ്പോള്‍ താല്‍കാലികമായി പണിത പ്ലാസ്റ്റിക്ക് കൂരക്കുള്ളിലാണ് ജീവിതം വിഷയം പരിശോധിക്കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണം.

click me!