
ഇടുക്കി : നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു. കൂടെയുണ്ടായിരുന്നവർ മൃതദേഹം പോതമേട വനത്തിൽ കുഴിച്ചിട്ടു. ഇടുക്കിയിലാണ് സംഭവമുണ്ടായത്. ഇരുപതേക്കർ കുടിയിൽ മഹേന്ദ്രൻ എന്നയാളാണ് മരിച്ചത്. നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റാണ് മരണമെന്നാണ് പൊലീസ് അറിയിക്കുന്ന വിവരം. സംഭവം പുറത്തറിയാതിരിക്കാൻ കൂടെയുണ്ടായിരുന്നവർ മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികൾ പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ 28 ആം തിയ്യതിയാണ് മഹേന്ദ്രനെ കാണാതാകുന്നത്. രണ്ടാം തിയ്യതി ബന്ധുക്കൾ ഇയാളെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ മഹേന്ദ്രൻ നായാട്ടിന് പോയിരുന്നതായി കണ്ടെത്തി. പൊലീസ് അന്വേഷണത്തെ കുറിച്ച് അറിഞ്ഞ നായാട്ട് സംഘത്തിലുണ്ടായിരുന്ന രണ്ട് പേർ പൊലീസ് സ്റ്റേഷനിലെത്തുകയും വിവരം അറിയിക്കുകയുമായിരുന്നു. നായാട്ടിനിടെ അബദ്ധത്തിൽ മഹേന്ദ്രന് വെടിയേൽക്കുകയാരുന്നുവെന്നും മൃതദേഹം കുഴിച്ചിട്ടുവെന്നുമാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. പൊലീസ് സംഘം മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇവിടെയുണ്ടോ എന്നതിൽ വ്യക്തതയില്ല. അടുത്ത മണിക്കൂറുകളിൽ സ്ഥലത്തെ മണ്ണ് മാറ്റി പരിശോധന നടത്തും.
ലക്നൌ: ആഹ്ളാദത്തോടെ നടക്കേണ്ട വിവാഹം അതിരുവിട്ട ആഘോഷം കാരണം മരണത്തിലേക്ക് എത്തിച്ചതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വിവാഹ ദിവസം വരൻ നടത്തിയ തോക്കുകൊണ്ടുള്ള ആഘോഷത്തിൽ വെടിയേറ്റ് വരന്റെ സുഹൃത്ത് മരിച്ചു. സോൻഭദ്ര ജില്ലയിലെ ബ്രഹ്മനഗർ ഏരിയയിലാണ് സംഭവം.
രഥത്തിൽ നിൽക്കുന്ന വരൻ മനീഷ് മദേശിയ. ചുറ്റും കൂടി നിൽക്കുന്ന പരിവാരങ്ങൾ. മനീഷ് ആകാശത്തേക്ക് വെടിയുതിർക്കാൻ ശ്രമിക്കുന്നു. എന്നാൽ വെടിയേൽക്കുന്നത് താഴെ നിൽക്കുന്ന തന്റെ സുഹൃത്തിനാണ്. ആർമി ജവാൻ ബാബു ലാൽ യാദവാണ് മരിച്ചത്. വരൻ ഉപയോഗിച്ച തോക്ക് യാദവിന്റേതായിരുന്നു.
വരനും യാദവും സുഹൃത്തുക്കളാണെന്ന് സോൻഭദ്ര പൊലീസ് സൂപ്രണ്ട് അമ്രേന്ദ്ര പ്രതാപ് സിംഗ് സ്ഥിരീകരിച്ചു. വെടിയുതിർത്ത ഉടൻ തന്നെ യാദവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നുവെന്നും സിംഗ് പറഞ്ഞു. യാദവിന്റെ കുടുംബത്തിന്റെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വരനെ അറസ്റ്റ് ചെയ്തു. വെടിവെപ്പിന് ഉപയോഗിച്ച തോക്കും പിടിച്ചെടുത്തിട്ടുണ്ട്.
ലൈസൻസുള്ള തോക്കുകൾ ഉപയോഗിച്ചാണെങ്കിൽ പോലും, കല്യാണവീടുകളും ആരാധനാലയങ്ങളും ഉൾപ്പെടെയുള്ള പൊതുയോഗങ്ങളിൽ ആഘോഷപൂർവം വെടിയുതിർക്കുന്നത് ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണ്.