
വയനാട്: കൽപ്പറ്റ സ്വദേശി വിശ്വനാഥൻ്റെ ദുരൂഹ മരണം ആത്മഹത്യയെന്ന കണ്ടെത്തലിനെതിരെ കുടുംബം. വിശ്വനാഥന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് സഹോദരൻ എസ്.വിനോദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മരണത്തിൽ അസ്വാഭാവികത നിലനിൽക്കുന്നുണ്ടെന്നും അന്വേഷണത്തിൽ തുടക്കത്തിൽ തന്നെ അട്ടിമറിയുണ്ടായിരുന്നു എന്നും വിനോദ് പറഞ്ഞു. ക്രൈംബ്രാഞ്ചിൻ്റെ വിശദ റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടിയെന്ന് ആക്ഷൻ കൗൺസിലും വ്യക്തമാക്കി.
കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ആദിവാസി യുവാവ് ആത്മഹത്യ ചെയ്തത് ആൾക്കൂട്ട വിചാരണയെത്തുടര്‍ന്ന് അല്ലെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ പുറത്തുവന്നിരുന്നു. കുഞ്ഞിനെ കാണാന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്നുളള മനോവിഷമവും വ്യക്തിപരമായ മറ്റ് പ്രശ്നങ്ങളുമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തൽ. കേസ് അവസാനിപ്പിച്ച് അന്വേഷണ സംഘം കോഴിക്കോട് ജില്ല കോടതിയിൽ റിപ്പോർട്ട് നൽകി.
ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാൻ വന്ന വയനാട് കൽപ്പറ്റ സ്വദേശി വിശ്വനാഥനെ കഴിഞ്ഞ ഫെബ്രുവരി 10നാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് സമീപം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മോഷണകുറ്റം ആരോപിച്ച് വിശ്വനാഥനെ മെഡിക്കല്‍ കോളേജിലെ കൂട്ടിരിപ്പുകാർ തടഞ്ഞുവച്ചെന്നും സുരക്ഷ ജീവനക്കാർ ചോദ്യം ചെയ്തെന്നും ആരോപണമുയർന്നിരുന്നു.
ഇതിലുളള മനോവിഷമാണ് ആത്മഹത്യയിലേക്ക് നയിച്ചെന്നായിരുന്നു പരാതി. എന്നാൽ ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് സംഭവം നടന്ന് ഒരുവർഷമാകുമ്പോൾ ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ചു. സംഭവസമയത്ത് ആശുപത്രിയിലുണ്ടായിരുന്ന ആളുകൾ, സുരക്ഷ ജീവനക്കാർ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് ഓടിയ വിശ്വനാഥന് ചുറ്റം ആളുകള്‍ കൂടി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെങ്കിലും ഇവര്‍ വിശ്വനാഥനെ തടഞ്ഞുവയ്ക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. മറിച്ച്, ഭക്ഷണം കഴിച്ചോ എന്നതടക്കമുളള കാര്യങ്ങള്‍ തിരക്കുകയാണ് ചെയ്തതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam