
തൃശ്ശൂര്‍: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ പ്രവേശിപ്പിച്ച തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശിച്ചതിന് വിശദീകരണവുമായി അനിൽ അക്കര എംഎൽഎ. ഏഴാംതീയതി വൈകീട്ടാണ് നെഞ്ചു വേദനയെതുടര്‍ന്ന് സ്വപ്ന സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അറിയുന്നത്. അപ്പോൾ തന്നെ ആശുപത്രിയിലുണ്ടായേക്കാവുന്ന സുരക്ഷ പിഴവുകൾ ചൂണ്ടിക്കാട്ടി ലൈവ് വീഡിയോ ചെയ്തു. സുരക്ഷ പ്രശ്നമാണെന്ന് എൻഐഎ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തെന്നാണ് അനിൽ അക്കര എംഎൽഎ പറയുന്നത്.
മെഡിക്കൽ കോളേജ് ആശുപത്രി പരിസരം വഴിയാണ് എന്നും വിട്ടിൽ നിന്ന് വരുന്നതും പോകുന്നതും. സ്വപ്നയെ ആശുപത്രിയിലാക്കിയ ദിവസം വീട്ടിലേക്ക് തിരിച്ച് പോകുന്ന സമയത്ത് ആശുപത്രിയിൽ കയറിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ട് ശ്രദ്ധിക്കണം എന്ന് പറയുകയുമാണ് ഉണ്ടായത്. സുരക്ഷയിൽ ആശങ്കയുണ്ടെന്ന് അപ്പോൾ തന്നെ എൻഐഎ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു എന്നും അനിൽ അക്കര വിശദീകരിക്കുന്നു.
എട്ടാം തീയതി മെഡിക്കൽ കോളേജിൽ പരിപാടി ഉണ്ടായിരുന്നു. അതിന് ശേഷമാണ് ഒമ്പതിന് 12 മണിക്ക് എസി മൊയ്ദീൻ ആശുപത്രിയിലെത്തി എന്ന് അറിയുന്നത്. വിവരം ചോദിച്ചപ്പോൾ പ്രാണ എന്ന പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റ് കൊടുക്കാൻ ആണെന്നായിരുന്നു വിശദീകരണം. മെഡിക്കൽ കോളേജ് പ്രിൻസിപ്പലും കളക്ടറും മാത്രമാണ് പെട്ടെന്ന് തട്ടിക്കൂട്ടിയ ആ യോഗത്തിൽ പങ്കെടുത്തത്. സ്പോൺസര്‍ കൂടിയായിട്ടും എംഎൽഎ ആയ തന്നെയോ പ്രദേശത്തെ ജനപ്രതിനിധികളേയോ പങ്കെടുപ്പിക്കാതെ നടന്ന യോഗം അടിമുടി ദൂരൂഹമാണെന്നും അനിൽ അക്കര ആരോപിക്കുന്നു.
ഒമ്പതിന് എസി മൊയ്ദീന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വരേണ്ടകാര്യം എന്തെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല. സ്വപ്നക്ക് നെഞ്ച് വേദന വന്നത് കെടി ജലീലിന് നോട്ടീസ് കിട്ടിയെന്ന് ഉറപ്പായപ്പോഴാണ് എന്നും അനിൽ അക്കര പറയുന്നു. കേസ് അട്ടിമറിക്കാൻ ബോധപൂര്‍വ്വം ഇടപെടലുണ്ടായെന്ന ആക്ഷേപവും കടുപ്പിക്കുകയാണ് അനിൽ അക്കര
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam