തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത്; അഞ്ച് പേരെക്കൂടി തിരിച്ചറിഞ്ഞു; അന്വേഷണം ഉന്നതരിലേക്ക്

By Web TeamFirst Published Jul 6, 2020, 10:10 AM IST
Highlights

യു.എ.ഇ കോൺസുലേറ്റിലെ ചില പ്രമുഖരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരാനാണ് ശ്രമമെന്നാണ് ലഭിക്കുന്ന വിവരം. തുടർ നടപടിയിൽ കസ്റ്റംസ് നിയമോപദേശം തേടും. 

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ 15 കോടിയുടെ സ്വർണ്ണക്കടത്തിൽ അന്വേഷണം മേൽത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നു. യുഎഇ കോൺസുലേറ്റിലെ ചില പ്രമുഖരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരാനാണ് ശ്രമമെന്നാണ് ലഭിക്കുന്ന വിവരം. തുടർ നടപടിയിൽ കസ്റ്റംസ് നിയമോപദേശം തേടും. 

കള്ളക്കടത്തിൽ പങ്കുള്ള അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞതായി റിപ്പോർട്ടുണ്ട്. ഇവരിലൊരാൾ യുഎഇ കോൺസുലേറ്റിലെ മുൻ ഉദ്യോ​ഗസ്ഥയാണ്. ഈ സംഘം മുമ്പും കള്ളക്കടത്ത് നടത്തിയിട്ടുണ്ടെന്നാണ് സൂചന. കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് ഇവർ സ്വർണ്ണം പുറത്തെത്തിച്ചത്. കോൺസുലേറ്റിലേക്കുള്ള ബാഗേജ് പരിശോധിക്കാൻ അവകാശമില്ലെന്നായിരുന്നു ഇവരുടെ വാദം. 

കള്ളക്കടത്തിൽ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യാൻ ഇയാളെ കസ്റ്റംസിന്റെ കൊച്ചി ഓഫീസിലേക്ക് കൊണ്ടുപോയി. ദുബായിൽ നിന്നും സാധനങ്ങൾ എത്തിക്കാൻ സരിത്തിനെയാണ് ചുമതലപ്പെടുത്തിയതെന്ന് കോൺസുലേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. സ്വർണമടങ്ങിയ കാർഗോ വിട്ടു കിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥർക്കുമേൽ സരിത് സമ്മർദ്ദം ചെലുത്തി. കാർഗോ തുറന്നാൽ നിയമ നടപടിയുണ്ടാകുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. 
 
കോൺസുലേറ്റിന്റെ വിലാസത്തിൽ വന്ന ഡിപ്ലോമാറ്റിക് കാർഗോയിൽ സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണ്ണം സൂക്ഷിച്ചിരുന്നത്.  എന്നാൽ ഈ പൈപ്പുകളുൾപ്പടെ ഒന്നും തന്നെ ദുബൈയിലേക്ക് ഓർഡർ നൽകിയിരുന്നില്ല എന്നാണ് കോൺസുലേറ്റ് കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. ഭക്ഷണ സാധനങ്ങൾ എത്തിക്കാൻ മാത്രമാണ് ഓർഡർ നൽകിയിരുന്നത്. ഈ കാര്യങ്ങളുടെ ചുമതല സരിത്തിനായിരുന്നു.

ഈ സാഹചര്യത്തിലാണ് പിആർഒയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ഇതാദ്യമായാണ് ഡിപ്ലോമാറ്റിക് കാർഗോ വഴി സ്വർണ്ണക്കടത്ത് പിടികൂടുന്നത്. ഈ കാർഗോ പരിശോധനയ്ക്ക് ശേഷം ഏറ്റെടുക്കാനും തുറക്കാനുമുളള അധികാരം കോൺസുലേറ്റിന് മാത്രമാണ്. അങ്ങനെയെരിക്കെ സ്വർണ്ണം ആർക്കുവേണ്ടി എത്തിച്ചു എന്ന സംശയമാണ് അന്വേഷണ ഏജൻസികൾക്ക് മുന്നിലുളളത്.കഴിഞ്ഞ മാസം 30ന് തലസ്ഥാനത്തെത്തിയ കാർഗോയിലാണ് 15 കോടിയുടെ സ്വർണം കണ്ടെത്തിയത്. യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയിൽ കണ്ടെത്തിയതിനാൽ വളരെ കരുതലോടെയാണ് കസ്റ്റംസിന്റെ അന്വേഷണം. 

അതേ സമയം സ്വർണ്ണക്കടത്തിൽ ആരോപണങ്ങളെല്ലാം യുഎഇ കോൺസുലേറ്റ് നിഷേധിച്ചു.  ദുബായിൽ നിന്നും ഭക്ഷണസാധനങ്ങൾ മാത്രമാണ് എത്തിക്കാനാണ് ഓ‍ർഡർ നൽകിയിരുന്നതെന്നും കോൺസുലേറ്റ് കസ്റ്റംസിനെ അറിയിച്ചു.
 

Read Also: ട്രിപ്പിൾ ലോക്ഡൗൺ: ലോഡ്ജുകളിലും മറ്റും കുടുങ്ങിയവര്‍ക്ക് ഭക്ഷണമെത്തിക്കുമോ ? കടകംപള്ളി പറയുന്നു...

 

click me!