
തിരുവനന്തപുരം: വിമാനത്താവള നടത്തിപ്പിനുള്ള ടെണ്ടറിൽ സംസ്ഥാന സർക്കാർ നിയമസഹായം തേടിയത് അദാനിയുമായി ബന്ധമുള്ള സ്ഥാപനത്തിൽ നിന്ന്. സിറിൽ അമർചന്ദ് മംഗൾദാസ് എന്ന സ്ഥാപന ഉടമയുടെ മകൾ അദാനിയുടെ മരുമകളാണ്. അദാനിയെ എതിർക്കുമ്പോൾ തന്നെ അദാനിയുമായി ബന്ധമുള്ളവരുടെ സഹായം തേടിയ മുഖ്യമന്ത്രി കുമ്പിടിയെ പോലെ പെരുമാറുന്നതായി ബിജെപി സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു.
വിമാനത്താവള നടത്തിപ്പ് ലഭിച്ച അദാനിയെ ശക്തമായി എതിർക്കുന്ന സംസ്ഥാന സർക്കാറിനെ വെട്ടിലാക്കുന്ന ടെണ്ടർ വിവരങ്ങളാണ് പുറത്തുവന്നത്. സർക്കാറിന് വേണ്ടി ടെണ്ടറിൽ പങ്കെടുക്കാനായി കെഎസ്ഐഡിസി മുടക്കിയത് രണ്ട് കോടിയിലേറെ രൂപ. സഹായം തേടിയത് രണ്ട് സ്ഥാപനങ്ങളിൽ നിന്ന്. കെപിഎംജിയും പിന്നെ സിറിൽ അമർചന്ദ് മംഗൾദാസും. നിയമസ്ഥാപനമായ സിറിൽ അമർചന്ദ് മംഗൾദാസും ടെണ്ടർ നേടിയ അദാനിയും തമ്മിലെ ബന്ധമാണ് സർക്കാറിനെ കുരുക്കുന്നത്.
അദാനിയുടെ മകൻ കരൺ അദാനിയുടെ ഭാര്യയാണ് സിറിൽ അമർചന്ദ് മംഗൾദാസ് കമ്പനിയുടെ ൻറെ മാനേജിംഗ് പാർട്ണർ സിറിൽ ഷ്രോഫിൻറെ മകൾ പരിധി ഗൗതം. പരിധിക്കും കമ്പനിയിൽ പങ്കാളിത്തമുണ്ടെന്ന് ലിംഗ്ഡിൻ പ്രൊഫൈൽ വ്യക്തമാക്കുന്നു. വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് കെഎസ്ഐഡിസി ടെണ്ടറിൽ ക്വാട്ട് ചെയ്തത് 135 രൂപയായിരുന്നു. 168 നിർദ്ദേശിച്ച അദാനിക്ക് ടെണ്ടർ കിട്ടി. ഒന്നാമെതെത്തിയ കമ്പനിയും കെഎസ്ഐഡിസി തുകയും തമ്മിൽ പത്ത് ശതമാനത്തിൻറെ വ്യത്യാസമേ ഉള്ളൂ എങ്കിൽ റൈറ്റ് ഓഫ് റഫ്യൂസൽ പ്രകാരം കെഎസ്ഐഡിസിക്ക് വീണ്ടും ക്വാട്ട് ചെയ്യാൻ കേന്ദ്രം സമ്മതിച്ചിരുന്നു.
എന്നാൽ അതിനും മുകളിലാണ് അദാനി നിർദ്ദേശിച്ച തുക എന്നത് കൊണ്ടാണ് കെഎസ്ഐഡിസിക്ക് കരാർ കിട്ടാതിരുന്നത്. ടെണ്ടർ തുക നിശ്ചയിക്കുന്നതിൽ സിറിൽ അമർചന്ദ് മംഗൾദാസ് എന്തെങ്കിലും നിർദ്ദേശം നൽകിയോ എന്ന് ഇതുവരെ വ്യക്തമല്ല. അദാനിബന്ധമുള്ള സ്ഥാപനത്തിൽ നിന്നും സഹായം തേടിയത് രാഷ്ട്രീയ വിവാദവുമായി. വിമാനത്താവളനടത്തിപ്പിൽ നിയമ-രാഷ്ട്രീയപ്പോര് കടുപ്പിക്കുന്ന സർക്കാറിന് അദാനിബന്ധമുള്ള സ്ഥാപനവുമായുള്ള സഹകരണമടക്കം ഇനി വിശദീകരിക്കേണ്ടിവരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam