അഞ്ചൽ രാമഭദ്രൻ കൊലക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സിബിഐയുടെ ആവശ്യത്തെ വിമർശിച്ച് കോടതി

By Web TeamFirst Published Feb 28, 2019, 6:13 PM IST
Highlights

കേസിലെ ആറു പ്രതികള്‍ക്ക് നിരവധി കേസുള്ളതിനാൽ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തെയാണ് കോടതി വിമർശിച്ചത്. കുറ്റപത്രം നൽകിയ ശേഷം ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെടാനാകില്ലെന്ന് തിരുവനന്തപുരം സിജെഎം കോടതി

തിരുവനന്തപുരം: ഐഎൻടിയുസി നേതാവായിരുന്ന അഞ്ചൽ രാമഭദ്രൻ കൊലക്കേസിൽ സിബിഐക്ക് കോടതിയുടെ വിമർശനം. കേസിലെ ആറു പ്രതികള്‍ക്ക് നിരവധി കേസുള്ളതിനാൽ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തെയാണ് കോടതി വിമർശിച്ചത്. കുറ്റപത്രം നൽകിയ ശേഷം ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെടാനാകില്ലെന്ന് തിരുവനന്തപുരം സിജെഎം കോടതി പറഞ്ഞു. സിപിഎം ജില്ലാ നേതാക്കളും പ്രവർത്തകരും ഉള്‍പ്പെടെ 19 പേർ പ്രതിയായ കേസിൽ 12 പേരാണ് കോടതിയിൽ ഹാജരായത്. 

സിപിഎം മേഖലകളിൽ കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകൻ രാമഭദ്രൻ കോൺഗ്രസ് പാർട്ടിയുടെ പ്രചാരം വർദ്ധിപ്പിക്കുകയും പ്രവർത്തകരെ സിപിഎമ്മിൽ നിന്നും കോൺഗ്രസ് പാർട്ടിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്‌തു. ഇത്‌ കാരണമാണ് രാമഭദ്രനെ കൊലപ്പെടുത്തിയതെന്നാണ് സിബിഐ കേസ്.  

നാല് വർഷം കൊണ്ടാണ് സിബിഐ അന്വേഷണം പൂർത്തിയാക്കിയത്. ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ, കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സിബിഐ ആദ്യം സമർപ്പിച്ച എഫ്ഐആറിൽ 23 പ്രതികളാണ് ഉണ്ടായിരുന്നത്. ആറാം പ്രതിയായിരുന്ന രാജീവ്, പത്താം പ്രതിയായിരുന്ന ശ്രീകുമാർ എന്നിവരെ മാപ്പു സാക്ഷികളാക്കിയിരുന്നു. അഞ്ചാം പ്രതി രമേശിനെ തെളിവുകളുടെ അഭാവത്തിൽ വിട്ടയയ്ക്കുകയും ചെയ്തു. രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് കൊലപാതക കാരണമെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. 

click me!