
തിരുവനന്തപുരം: നേമത്ത് ഒൻപത് വർഷം മുൻപ് വീടിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് വ്യക്തമായതായി പൊലീസ്. നേമം സ്വദേശി അശ്വതിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ട്വിസ്റ്റ്. ഇത് ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണം. പിന്നീട് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. ഈ അന്വേഷണത്തിലാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. സംഭവത്തിൽ അശ്വതിയുടെ ഭർത്താവ് രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. അശ്വതിയെ താൻ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്ന് രതീഷ് സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് എസ് പി മധുസൂദനൻ വ്യക്തമാക്കി.