വീവേഴ്സ് വില്ലേജ് ഉടമയെ കഞ്ചാവ് കേസിൽ കുടുക്കിയ സംഭവം: ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു

By Web TeamFirst Published Aug 16, 2021, 12:09 PM IST
Highlights

കഞ്ചാവ് സ്ഥാപനത്തിൽ കൊണ്ടുവെച്ച വിനയരാജിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് യുവ സംരംഭകയെ കഞ്ചാവ് കേസിൽ കുരുക്കിയ സംഭവത്തിൽ ഒരു പ്രതി കൂടി പിടിയിലായി. വീവേഴ്സ് വില്ലേജിൽ നിന്ന് കഞ്ചാവ് പിടിച്ച കേസിലാണ് ഇവിടുത്തെ മുൻ ജീവനക്കാരി ഉഷയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിൽ കഞ്ചാവ് കൊണ്ടുവെയ്ക്കാൻ സഹായം ചെയ്തത് ഉഷയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.

ഉഷയെ അറസ്റ്റ് ചെയ്ത ജാമ്യം നൽകി വിട്ടയച്ചു. കഞ്ചാവ് സ്ഥാപനത്തിൽ കൊണ്ടുവെച്ച വിനയരാജിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് നൽകിയ ഹരീഷ് മുൻകൂർ ജാമ്യം നേടിയിരുന്നു. ഹരീഷിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. ഹരീഷിന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് യുവതിയെ കഞ്ചാവ് കേസിൽ കുരുക്കിയത്.

വഴുതക്കാട്ടെ വീവേഴ്‌സ് വില്ലേജിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതിനെ തുടർന്ന് ഉടമയായ സംരംഭക അറസ്‌റ്റിലായ കേസിലാണ് അറസ്റ്റ്. 850 ഗ്രാം കഞ്ചാവാണ് ജനുവരി 31ന് വീവേഴ്‌സ് വില്ലേജിൽ നിന്ന് പിടിച്ചെടുത്തത്. സംഭവത്തിൽ ഉടമ ശോഭ വിശ്വനാഥിനെ ന‌ർകോട്ടിക്‌സ് വിഭാഗം അറസ്‌റ്റ് ചെയ്‌തു. എന്നാൽ പിന്നീട് ഇവർക്ക് ബന്ധമുള‌ളയിടങ്ങളിൽ പരിശോധന നടത്തിയിട്ടും മറ്റ് തെളിവൊന്നും കിട്ടിയില്ല. ഇവിടങ്ങളിലെല്ലാം തെളിവെടുപ്പിന് ശോഭയെയും കൊണ്ടുപോയിരുന്നു.

മുഖ്യമന്ത്രിയ്‌ക്ക് ശോഭ നൽകിയ പരാതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. സംഭവത്തിന് പിന്നിൽ സ്ഥാപനത്തിലെ ജീവനക്കാരി ഉഷയും മുൻ ജീവനക്കാരൻ വിനയരാജും തിരുവനന്തപുരത്തെ ഒരു ആശുപത്രി ഉടമയുടെ മകനായ ഹരീഷുമാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഹരീഷിന്റെ നിർദ്ദേശ പ്രകാരം കഞ്ചാവ് സ്ഥാപനത്തിൽ കൊണ്ടുവെക്കുകയായിരുന്നുവെന്നാണ് പിന്നീട് തെളിഞ്ഞത്.

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!