രോഗിയെ പുഴുവരിച്ച സംഭവത്തിലെ അച്ചടക്ക നടപടി: ഡോക്ടർമാർക്ക് പിന്നാലെ നഴ്സുമാരും സമരം തുടങ്ങി

By Web TeamFirst Published Oct 4, 2020, 1:41 PM IST
Highlights

നോഡൽ ഓഫീസര്‍ ഡോക്ടര്‍ അരുണയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംസിടിഎ നടത്തുന്ന റിലേ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു.

തിരുവനന്തപുരം:  മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ സര്‍ക്കാരെടുത്ത അച്ചടക്ക നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർക്ക് പിന്നാലെ നഴ്സുമാരും റിലേ സത്യാഗ്രസമരം തുടങ്ങി. രോഗിയെ പുഴു അരിച്ച സംഭവത്തിലെ അച്ചടക്ക നടപടിക്ക് പുറമെ കൊവിഡ് ഡ്യൂട്ടി ഓഫ് റദ്ദാക്കിയതുമാണ് കാരണം. ഒരു ദിവസത്തിനകം ഒത്ത് തീർപ്പുണ്ടാക്കിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്നാണ് ഡോക്ടർമാരുടേയും നഴ്സുമാരുടെയും മുന്നറിയിപ്പ്

അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സംഘടനകൾ സര്‍ക്കാരുമായി നടത്തിയ ചർച്ച അലസിപ്പിരിഞ്ഞതിന് പിന്നാലെ, ആരോഗ്യപ്രവർത്തകരുടെ ക്വറന്റീൻ കൂടി റദ്ദാക്കിയതാണ് സമരക്കാരെ വീണ്ടും ചൊടിപ്പിച്ചത്. 10 ദിവസം കൊവിഡ് ഡ്യൂട്ടി എടുത്താൽ 7 ദിവസം അവധി എന്ന ആനുകൂല്യമാണ് റദ്ദാക്കിയത്. രോഗിയെ പുഴുവരിച്ച സംഭവത്തിലെ നടപടി പിൻവലിക്കുന്നതിനൊപ്പം ഈ തീരുമാനവും റദ്ദാക്കണമെന്നാവസ്യപ്പെട്ടാണ് കെജിഎൻയു അനിശ്ചിതകാല സമരം തുടങ്ങിയത്. 

ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ നടത്തുന്ന റിലേ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു. നോഡൽ ഓഫീസർ ഡോക്ടർ അരുണയെ തിരിച്ചെടുക്കാനാവശ്യപ്പെട്ടാണ് സമരം. ഇല്ലെങ്കിൽ കൊവിഡ് ഇതര ഡ്യൂട്ടിയും ബഹിഷ്കരിക്കുമെന്ന് മുന്നറിയിപ്പ്.

അതേസമയം സമരം ചെയ്യുന്ന സംഘടനകളുടെ സമ്മർദങ്ങൾക്കു വഴങ്ങില്ലെന്ന നിലപാടിൽ നിന്ന് സർക്കാർ പിന്മാറിയിട്ടില്ല.  ചർച്ചകൾക്കും വഴിയൊരുങ്ങിയിട്ടില്ല. ആരോഗ്യപ്രവർത്തകർക്കിടയിലെ ഭരണാനുകൂല സംഘടനകളും സമരക്കാർക്ക് ഒപ്പമാണ്. പ്രത്യേക അവധി റദ്ദാക്കൽ പ്രതികാര നടപടിയല്ലെന്നും കേന്ദ്ര മാനദണ്ഡമനുസരിച്ചാണ് തീരുമാനമെന്നുമാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. ഇരുവിഭാഗവും നിലപാട് കടുപ്പിച്ച് നിൽക്കുന്നതോടെ സമരം ശക്തമായാൽ ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കുമോ എന്നാണ് വലിയ ആശങ്ക.

click me!