130 വെന്‍റിലേറ്റര്‍, 200 ഐസിയു, 1400 കിടക്കകള്‍; കൊവിഡ് ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

By Web TeamFirst Published Apr 25, 2021, 3:28 PM IST
Highlights

മെഡിക്കൽ കോളേജ് ആശുപത്രിയിൽ 1100 കിടക്കകളും എസ്എടി ആശുപത്രിയിൽ 300 കിടക്കകളുമാണ് സജ്ജമാക്കുന്നത്. ഈ മാസം 30 നകം ഈ കിടക്കകൾ സജ്ജമാക്കുന്നതാണ്. 

തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിനെ കൊവിഡ് ചികിത്സയ്ക്ക് പൂർണസജ്ജമാക്കാൻ മന്ത്രി കെ കെ ശൈലജയുടെ നിർദേശ പ്രകാരം യോഗം ചേർന്നു. നിലവിൽ 486 കൊവിഡ് കിടക്കകളുള്ള മെഡിക്കൽ കോളേജിനെ കൊവിഡ് ചികിത്സയ്ക്കായി വിപുലീകരിച്ച് 1400 കിടക്കകളാക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു. 

മെഡിക്കൽ കോളേജ് ആശുപത്രിയിൽ 1100 കിടക്കകളും എസ്എടി ആശുപത്രിയിൽ 300 കിടക്കകളുമാണ് സജ്ജമാക്കുന്നത്. ഈ മാസം 30 നകം ഈ കിടക്കകൾ സജ്ജമാക്കുന്നതാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ 115 ഐസിയു കിടക്കകൾ 200 ആക്കി വർധിപ്പിക്കുന്നതാണ്. അതിൽ 130 എണ്ണം വെന്റിലേറ്റർ സൗകര്യമുള്ളതായിരിക്കും. 227 ഓക്‌സിജൻ കിടക്കകൾ 425 ആയി വർധിപ്പിക്കും.

കൊവിഡ് ഇതര രോഗികളെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റുന്നതാണ്. കൂടാതെ 16, 17, 18, 19 വാർഡുകളിലും കൊവിഡ് ഇതര രോഗികളെ ചികിത്സിക്കുന്നതാണ്. 450 കൊവിഡ് ഇതര രോഗികൾക്കുള്ള കിടക്കകളാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടാകുക. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റിവയ്ക്കുന്നതാണ്. ഗുരുതരമല്ലാത്ത രോഗികളെ ജനറൽ ആശുപത്രിയിലേക്കും തൈക്കാട് ആശുപത്രിയിലേക്കും ബാക്ക് റഫറലായി മാറ്റും. ബാക്ക് റെഫറൽ ചെയ്യുന്ന കാസ്പ് കാർഡുള്ള രോഗികൾക്ക് കാസ്പ് അക്രഡിറ്റഡ് പ്രൈവറ്റ് ആശുപത്രിയിലേക്കും മാറാൻ സാധിക്കും.

കിടക്കകൾ വർധിപ്പിക്കുന്നതനുസരിച്ച് ഉപകരണങ്ങളും ജീവനക്കാരേയും വർധിപ്പിക്കുന്നതാണ്. പുതിയ ഉപകരണങ്ങൾക്ക് പുറമേ മറ്റാശുപത്രികളിൽ ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതാണ്. 150 നഴ്‌സുമാരേയും 150 ക്ലീനിംഗ് സ്റ്റാഫിനേയും എൻഎച്ച്എം വഴി അടിയന്തരമായി നിയമിക്കും. നഴ്‌സുമാരുടെ വാക്ക് ഇൻ ഇന്റർവ്യൂ തിങ്കളാഴ്ച മെഡിക്കൽ കോളേജിൽ നടക്കുന്നതാണ്. ഒഫ്ത്താൽമോളജി, റെസ്പിറേറ്ററി മെഡിസിൻ എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിയമിക്കാനും തീരുമാനമായി.

click me!