
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന രോഗി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ചടയമംഗലം സ്വദേശി സുകുമാരപിള്ളയാണ് കഴിഞ്ഞ മാസം 28-ന് 18-ാം വാർഡിലെ കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ ഓഗസ്റ്റ് 31-ന് മരണപ്പെട്ടത്. സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് പരിചരണത്തിലോ സൗകര്യങ്ങളിലോ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകി.
സംഭവത്തിൽ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പരിശോധിച്ച ശേഷം രോഗികളുടെ സുരക്ഷ ഉറപ്പാക്കാൻ നിലവിലെ സുരക്ഷാ പ്രോട്ടോക്കോളിൽ വരുത്തേണ്ട മാറ്റങ്ങൾ രേഖാമൂലം സമർപ്പിക്കണം. ഡി.എം.ഇയുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നടത്തുന്ന അന്വേഷണം തികച്ചും സുതാര്യവും ഫലപ്രദവുമാകണമെന്നും, മെഡിക്കൽ വിദഗ്ദ്ധരുടെ ഭാഗത്തുനിന്ന് യാതൊരുവിധ ജാഗ്രതക്കുറവും ഉണ്ടാകരുതെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി.
കൂടാതെ ബി.എൻ.എസ്.എസ് 194-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടോ എന്ന് മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ വ്യക്തമാക്കണമെന്നും നിർദ്ദേശമുണ്ട്. കേസെടുത്തിട്ടുണ്ടെങ്കിൽ അന്വേഷണ പുരോഗതിയും തൽസ്ഥിതിയും വ്യക്തമാക്കുന്ന റിപ്പോർട്ട് ഹാജരാക്കണം. എഫ്.ഐ.ആറിന്റെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും പകർപ്പുകൾ ഉൾപ്പെടെയുള്ള പൂർണ്ണ അന്വേഷണ റിപ്പോർട്ട് ആറാഴ്ചയ്ക്കകം ഡി.എം.ഇ കമ്മീഷനിൽ സമർപ്പിക്കണം. നവംബർ രണ്ടിന് രാവിലെ 10-ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ഡെപ്യൂട്ടി ഡി.എം.ഇയും എസ്.എച്ച്.ഒയുടെ പ്രതിനിധിയും നേരിട്ട് ഹാജരായി വിശദാംശങ്ങൾ നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ ഈ നടപടിയെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam