
ആലപ്പുഴ: കരുവാറ്റയില്‍ വയോധികനെ കൊന്ന കേസിലെ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പ്രതികളെയും വിശദ ചോദ്യം ചെയ്യലിന് പൊലീസ് കസ്റ്റഡിയില്‍ വിട്ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്. ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് കൗമാരക്കാരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുളള കോടതിയുടെ അസാധാരണ തീരുമാനം. കൗമാരക്കാരുടെ സ്വകാര്യത സംരക്ഷിക്കണമെന്നതടക്കം കര്‍ശന ഉപാധികളോടെയാണ് കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ ജുവനൈല്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നും അത്തരത്തിലുളള മുന്‍ കോടതിവിധികള്‍ ഇല്ലെന്നുമുളള പ്രതിഭാഗം വാദം തളളിക്കളഞ്ഞു കൊണ്ടാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്‍റെ അസാധാരണ ഉത്തരവ്. കുട്ടികളെ ലോക്കപ്പിലും ജയിലിലും പാർപ്പിക്കരുതെന്നു മാത്രമേ ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ പറയുന്നുള്ളൂ എന്നും കുട്ടികൾ മാത്രം പ്രതികളായ, ദൃക്സാക്ഷികൾ ഇല്ലാത്ത, കൊലപാതകത്തിൽ, പ്രതികളെ തെളിവെടുപ്പിന് വിട്ടുകിട്ടിയില്ലെങ്കിൽ കേസ് ദുർബലപ്പെടുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കുട്ടികളെ ദുരുപയോഗം ചെയ്തു കൊലപാതകം നടത്തിയാൽ, നിയമ പരിരക്ഷ കിട്ടില്ല എന്ന സന്ദേശം സമൂഹത്തിന് നല്‍കാന്‍ കോടതി ഉത്തരവ് സഹായിക്കുമെന്നാണ് പ്രോസിക്യൂഷന്‍റെ പ്രതികരണം. കുറ്റകൃത്യം നടന്ന സ്ഥലത്ത് കൗമാരക്കാരെ എങ്ങിനെ കൊണ്ടുപോകണം എന്നതടക്കമുളള കാര്യങ്ങളില്‍ പൊലീസിന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതി സ്ഥാനത്തുളളവരുടെ സ്വകാര്യത ലംഘിക്കുന്ന ഒരു നടപടിയും അനുവദിക്കരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്.
കൊലപാതകം നടത്തുന്ന സമയത്ത് കൗമാരക്കാര്‍ ധരിച്ചിരുന്ന കയ്യുറയടക്കമുളള തൊണ്ടിമുതലുകള്‍ ശേഖരിക്കുകയാണ് തെളിവെടുപ്പിലൂടെ പൊലീസ് ലക്ഷ്യമിടുന്നത്.കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായ മൂന്നു പേരുമായും തെളിവെടുപ്പ് പൂര്‍ത്തിയാക്കിയാലുടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് തീരുമാനം. കുറ്റകൃത്യത്തിന്‍റെ മുഖ്യആസൂത്രകയായ പതിമൂന്നുകാരിയെ വിശദമായി ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടുളള പൊലീസിന്‍റെ അപേക്ഷയും കോടതിയുടെ പരിഗണനയിലാണ്. ആഗസ്റ്റ് പതിനാറിന് രാത്രിയാണ് ശിവന്‍കുട്ടി എന്ന വയോധികനെ കൗമാര സംഘം കരുവാറ്റയിലെ വാടക വീട്ടില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. മോഷണം ലക്ഷ്യമിട്ടായിരുന്നു കൊലപാതകമെന്നാണ് പൊലീസ് നിഗമനം. വയോധികന്‍ മോശമായി പെരുമാറിയതിന്‍റെ പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്ന് സൂചിപ്പിക്കുന്ന മൊഴി ബന്ധുവായ പതിമൂന്നുകാരി നല്‍കിയിട്ടുണ്ടെങ്കിലും ഇതിലെ വസ്തുത പൊലീസ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam