ട്രിവാൻഡ്രം ടെന്നിസ് ക്ലബ്ബ് ബാറിന് അനുമതി നിഷേധിച്ച് എക്സൈസ്; ലൈസൻസ് പുതുക്കാനുള്ള അപേക്ഷ നിരസിച്ചു

By Web TeamFirst Published Mar 30, 2021, 2:45 PM IST
Highlights

പാട്ടക്കുടിശ്ശിക വീഴ്ച വരുത്തിയതിനെ തുടർന്ന് ടെന്നീസ് ക്ലബ് ഭൂമി തിരിച്ചെടുക്കാൻ റവന്യു വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. തർക്കം നിലവനിൽക്കുന്ന സാഹചര്യത്തിലാണ് എക്സൈസ് തീരുമാനം. 

തിരുവനന്തപുരം: റവന്യൂ വകുപ്പുമായുള്ള പാട്ടക്കുടിശിക തർക്കത്തിനിടെ ട്രിവാൻഡ്രം ടെന്നിസ് ക്ലബിന് ബാർ ലൈസൻസ് നിഷേധിച്ച് എക്സൈസ് വകുപ്പ്. ബാർ ലൈസൻസ് പുതുക്കാനുള്ള ടെന്നിസ് ക്ലബിന്റെ അപേക്ഷ നിരസിച്ചു. ഇതോടെ ഏപ്രിൽ 1 മുതൽ ബാർ പ്രവർത്തിക്കാനാകില്ല. അനധികൃതമായി കൈവശം വയ്ക്കുന്ന ഭൂമിയെന്ന് ചൂണ്ടിക്കാട്ടി റവന്യു വകുപ്പിന്റെ നിർദ്ദേശ പ്രകാരമണ് നടപടി. 

ബാർ ലൈസൻസ് പുതുക്കുന്നതിന് പാട്ടക്കരാറോ, ഉടമസ്ഥാവകാശ രേഖയോ വേണം. എന്നാൽ ടെന്നിസ് ക്ലബ് പാട്ടക്കുടിശിക അടച്ച് കരാർ പുതുക്കാത്തതിനാൽ അനുമതി നൽകേണ്ടതില്ലെന്ന് നിർദേശം നൽകുകയായിരുന്നു. പാട്ടക്കരാർ ലംഘിച്ച ടെന്നീസ് ക്ലബിൽ നിന്നും സർക്കാർ ഭൂമി തിരികെ പിടിച്ച് 11 കോടി രൂപ പാട്ടക്കുടിശ്ശിക പിരിക്കണമെന്ന നിലപാടിലാണ് റവന്യു വകുപ്പ്. പാട്ടക്കുടിശിക കുറവ് ചെയ്ത് കിട്ടാനും ഭൂമി നിലനിർത്താനുമായി ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ തന്നെ സമ്മർദം നിലനിൽക്കെയാണ് കടുത്ത നിലപാടുമായി റവന്യു വകുപ്പ് ഉറച്ച് നിൽക്കുന്നത്. പാട്ടക്കുടിശ്ശിക ഒരു കോടിയായി കുറയ്ക്കാൻ ശുപാർശ ചെയത് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത നടത്തിയ നീക്കം വിവാദമായിരുന്നു.

click me!