
തിരുവനന്തപുരം: ഒരു വർഷത്തിനിടെ തിരുവനന്തപുരം മൃഗശാലയിൽ ചത്തത് 64 മൃഗങ്ങളെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷയരോഗ ബാധയുടെ പഠന റിപ്പോർട്ട് സർക്കാർ പരിശോധിച്ചുവരികയാണ്. മൃഗങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് വേണ്ടിയുള്ള പ്രതിരോധ നടപടികൾ നടന്നുവരുന്നുണ്ട്. നിലവിൽ ജീവനക്കാർക്ക് ആർക്കും ക്ഷയരോഗം ബാധിച്ചിട്ടില്ല. സന്ദർശകർ മൃഗങ്ങളുമായി അടുത്ത് ഇടപഴകുന്നതൊഴിവാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ മരണനിരക്ക് കുറഞ്ഞുവെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും മന്ത്രി വ്യക്തമാക്കി.
പുള്ളിമാനുകൾക്കും കൃഷ്ണ മൃഗങ്ങൾക്കുമാണ് ക്ഷയരോഗ ബാധ കണ്ടെത്തിയത്. ജനുവരിയിലെ കണക്ക് പ്രകാരം 10 മാസത്തിനിടക്ക് ഈ രണ്ട് കൂട്ടിലുമായി 15 പുള്ളിമാനും 38 കൃഷ്ണമൃഗങ്ങളും അടക്കം 52 എണ്ണം ചത്തിരുന്നു. മൃഗങ്ങൾ തിങ്ങി നിറഞ്ഞ കൂടുകളാണിവ. മൃഗങ്ങളിലെ ക്ഷയരോഗ ബാധക്ക് ഫലപ്രദമായ മരുന്നോ വാക്സീനോ ലഭ്യമല്ല. ഓരോ മൃഗങ്ങളേയും എണ്ണം തിരിച്ച് പരിശോധിക്കുന്നത് പ്രായോഗികമല്ല.
ചത്ത മൃഗങ്ങളെ കത്തിച്ച് കളയുകയും കൂട്ടിൽ നിന്നു പുറം തള്ളുന്ന മാലിന്യങ്ങൾ പ്രത്യേകം സംസ്കകരിക്കുകയുമാണ് ചെയ്യുന്നത്. അടുത്തിടപഴകുന്ന മനുഷ്യരിലേക്ക് രോഗ പകര്‍ച്ച ഉണ്ടായേക്കാമെങ്കിലും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പരിചാരകരും ജോലിക്കാരും മൃഗങ്ങളോടിടപെടുമ്പോൾ പാലിക്കേണ്ട പ്രോട്ടോകോൾ കര്‍ശനമായി പാലിക്കുന്നുണ്ട്. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസ് സംഘം മാർഗനിർദ്ദേശങ്ങൾ നൽകിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam