തൃപ്‌തി ദേശായിയുടെ ശബരിമല സന്ദർശന തീയ്യതിയിൽ മാറ്റം; നാളെ വരില്ല

By Kiran GangadharanFirst Published Nov 16, 2019, 12:59 PM IST
Highlights
  • ശബരിമലയിൽ തത്കാലം യുവതികൾക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന സംസ്ഥാന സർക്കാർ നിലപാടിനെ വിമർശിച്ച് തൃപ്തി
  • എനിക്ക് എന്ത് സംഭവിച്ചാലും പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്

തിരുവനന്തപുരം: ശബരിമല ക്ഷേത്ര സന്ദർശനത്തിനായി എത്തുന്ന തീയ്യതി മാറ്റിയതായി തൃപ്തി ദേശായി. നാളെ എത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞത്. എന്നാൽ താൻ ഈ മാസം 20 ന് ശേഷമേ എത്തൂവെന്ന് അവർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനെ അറിയിച്ചു. 2018 ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് താൻ ശബരിമല സന്ദർശിക്കുന്നതെന്നും തന്റെ സുരക്ഷയുടെ പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും അവർ പറഞ്ഞിരുന്നു.

ശബരിമലയിൽ തത്കാലം യുവതികൾക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന സംസ്ഥാന സർക്കാർ നിലപാടിനെ വിമർശിച്ചാണ് തൃപ്തി സംസാരിച്ചത്. 2018 ലെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല. അതിനാൽ തന്നെ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും അവിടെ പോകാമെന്ന് അവർ പറഞ്ഞു. 

"ശബരിമലയിൽ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച 2018 ലെ സുപ്രീം കോടതി വിധിക്ക് സ്റ്റേ അനുവദിച്ചിട്ടില്ല. അതിനാൽ അത് നിലനിൽക്കുന്നുണ്ട്. ഇപ്പോൾ സംസ്ഥാന സർക്കാർ പറയുന്നത് ശബരിമലയിൽ പ്രവേശിക്കണമെങ്കിൽ യുവതികൾ കോടതി ഉത്തരവുമായി വരണമെന്നാണ്. എന്റെ കൈയ്യിൽ വിധിപ്പകർപ്പുണ്ട്. ഞാൻ ശബരിമലയിലേക്ക് വരും. എനിക്ക് എന്ത് സംഭവിച്ചാലും പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്," തൃപ്തി ദേശായി പറഞ്ഞു.

"ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകേണ്ട ആവശ്യമില്ല. എന്നാൽ അവിടെ തമ്പടിച്ചിരിക്കുന്ന, ഈ വിധി നടപ്പാക്കരുതെന്ന് പറയുന്ന ആളുകൾ ആക്രമിക്കാൻ സാധ്യതയുള്ളതിനാലാണ് സംരക്ഷണം നൽകണമെന്ന് പറയുന്നത്. ഇപ്പോഴും 2018 ലെ വിധി നിലനിൽക്കുന്നുവെന്ന് വ്യക്തമാണ്. എന്നാൽ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും സ്വീകരിച്ചിരിക്കുന്ന പുതിയ നിലപാട് അംഗീകരിക്കാനാവില്ല," തൃപ്തി കൂട്ടിച്ചേർത്തു.

click me!