
തിരുവനന്തപുരം: പരീക്ഷാ ഡ്യൂട്ടിക്ക് പോയി ലക്ഷദ്വീപിൽ കുടുങ്ങിയ കേരളത്തിലെ അധ്യാപകരെ കവരത്തിയിൽ എത്തിച്ചു. വിവിധ ദ്വീപുകളിൽ കുടുങ്ങിയ എട്ട് മലയാളി അധ്യാപകരെയാണ് കവരത്തിയിൽ എത്തിച്ചത്. അടുത്ത കപ്പലിൽ ഇവരെ കൊച്ചിയിൽ എത്തിക്കും. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി.
മാര്‍ച്ച് എട്ടിന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളുടെ ഡ്യൂട്ടിക്കായി ലക്ഷദ്വീപിൽ പോയ അധ്യാപകരാണ് ലോക്ക് ഡൗണിനെത്തുടർന്ന് തിരിച്ചെത്താനാകാതെ കുടുങ്ങിയത്. അടച്ച് പൂട്ടലിനെ തുടർന്ന് ഷിപ്പ് സർവീസും നിർത്തിയതോടെ അവർക്ക് തിരികെ നാട്ടിലേക്ക് എത്താൻ വഴിയില്ലാതെ ആവുകയായിരുന്നു. മരുന്നുകളടക്കം ലഭ്യമല്ലെന്ന് നേരത്തെ അധ്യാപകർ ഏഷ്യാനെറ്റ് ന്യൂസിലൂടെ പ്രതികരിച്ചിരുന്നു.
കൊച്ചിയിൽ കുടുങ്ങിയ ദ്വീപ് നിവാസികളെ എത്തിക്കുന്ന ഷിപ്പിലെങ്കിലും തങ്ങളെ നാട്ടിലേക്ക് തിരികെയെത്തിക്കണമെന്നാണ് അധ്യാപകർ ആവശ്യപ്പെട്ടത്. സർക്കാർ ഗസ്റ്റ് ഹൗസിലാണ് താമസിക്കുന്നതെന്നും ഒരുമാസമായി കുടുങ്ങിക്കിടക്കുകയാണെന്നും അധ്യാപകർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam