തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ ഉടനെ പത്തനംതിട്ടയിൽ സ്ഥാനാര്‍ത്ഥികളുടെ തകര്‍പ്പൻ റോഡ് ഷോ നടത്തുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. വീണ ജോർജ് നോടും ജനീഷ് കുമാറിനോടും വോട്ട് ചോദിക്കാൻ പ്രാരംഭമായി പാർട്ടി പറഞ്ഞിട്ടുണ്ട്.
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ ഉടനെ പത്തനംതിട്ടയിൽ സ്ഥാനാര്‍ത്ഥികളുടെ തകര്‍പ്പൻ റോഡ് ഷോ നടത്തുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. വീണ ജോർജ് നോടും ജനീഷ് കുമാറിനോടും വോട്ട് ചോദിക്കാൻ പ്രാരംഭമായി പാർട്ടി പറഞ്ഞിട്ടുണ്ട്. വീണ ജോർജ് പിന്മാറണമെന്ന് ഭർത്താവ് അഭിപ്രായപ്പെട്ടത് കുട്ടികളുടെ കാര്യമോർത്താണെന്നും ഇന്നും ആ നിലപാടിൽ നിൽക്കുമെന്ന് തോന്നുന്നില്ലെന്നും രാജു എബ്രഹാം പറഞ്ഞു. വീണ ജോർജ് പൂർത്തിയാകാത്ത പദ്ധതികൾ ഉദ്ഘാടനം ചെയ്തെന്ന് ആരോപണത്തിനും രാജു എബ്രഹാം മറുപടി നൽകി. എല്ലാ പണികളും പൂർത്തിയാക്കി വീടുകളുടെ പോലും ഗൃഹപ്രവേശം നടത്താറില്ലല്ലോയെന്നായിരുന്നു മറുപടി.
ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എ പത്മകുമാറിനെതിരായ നടപടി പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ വിശദീകരണ നോട്ടീസ് നൽകി. അതിൽ അദ്ദേഹം വിശദീകരണം നൽകിയിട്ടുണ്ട്. സംസ്ഥാന നേതൃത്വം പറയുന്നത് അനുസരിച്ച് നടപടി തീരുമാനിക്കുമെന്നും രാജു എബ്രഹാം പറഞ്ഞു.തെരഞ്ഞെടുപ്പ് നേരിടാൻ പൂർണ്ണസജ്ജമെന്ന് മന്ത്രി റോഷി അഗസ്റ്റിനും പറഞ്ഞു. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞത് ഗുണകരമാകും .കഴിഞ്ഞതവണത്തെക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഇടുക്കിയിൽ ജയിക്കും. ജനങ്ങൾ നന്ദിയുള്ളവരാണ്. അവരുടെ ഹൃദയത്തിലാണ് താൻ ജീവിക്കുന്നതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.


