
പാലക്കാട്: കുഴല്‍മന്ദം ബ്ലോക്ക് റൂറല്‍ സഹകരണ സംഘം അഴിമതിയില്‍ കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്ന സഹകരണ രജിസ്ട്രാറുടെ നിര്‍ദ്ദേശത്തിന് പുല്ലുവില. നിര്‍ദ്ദേശം വന്ന് രണ്ട് മാസമായിട്ടും പാലക്കാട് ജോയിന്‍റ് രജിസ്ട്രാര്‍ നടപടിയെടുത്തില്ല.
ചെറിയ തുകയ്ക്ക് ലോണെടുത്തവരുടെ ആധാരം വച്ച് നാലരക്കോടിയിലേറെ തട്ടിയെന്നായിരുന്നു വകുപ്പിന്‍റെ കണ്ടെത്തല്‍. ഇപ്പോഴും ബാങ്ക് ഭരിക്കുന്നത് തട്ടിപ്പ് സംഘത്തിന്‍റെ ബിനാമികളെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കുഴല്‍മന്ദം ബ്ലോക്ക് റൂറല്‍ സഹകരണ ബാങ്കില്‍ പന്ത്രണ്ട് ലക്ഷം രൂപ നിക്ഷേപിച്ച് കുടുങ്ങിപ്പോയ അനുഭവമാണ് ചല്ലിക്കാട് സ്വദേശി വാസന് പറയാനുള്ളത്. കുഴല്‍ മന്ദത്തെ മോഹന്‍ദാസ് സ്വകാര്യ സ്ഥാപനത്തില്‍ നിന്നും പിരിഞ്ഞ വകയില്‍ കിട്ടിയ തുകയും സ്വത്ത് ഭാഗം വച്ചപ്പോള്‍ കിട്ടിയ തുകയും ചേര്‍ത്ത് പന്ത്രണ്ട് ലക്ഷം രൂപയാണ് സ്ഥിര നിക്ഷേപമിട്ടത്. മുന്നുകൊല്ലമായി നിക്ഷേപം തിരികെകിട്ടാന്‍ നടക്കുന്നു.
നാലുകോടി 85 ലക്ഷം രൂപ മുന്‍ പ്രസിഡന്റ് വിനീഷിന്‍റെ നേതൃത്വത്തില്‍ തട്ടിപ്പ് നടത്തിയെന്നാണ് പാലക്കാട് അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ചുമതലപ്പെടുത്തിയ ഓഡിറ്റര്‍ കണ്ടെത്തിയത്. ലോണെടുത്തവരുടെ വസ്തുക്കള്‍ അവരറിയാതെ അതേ ബാങ്കില്‍ തന്നെ വലിയ തുകയ്ക്ക് മറിച്ചു ലോണെടുത്തു. ഇത്തരത്തില്‍ ലഭിച്ച പണം വിനീഷ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി.
അന്വേഷണം നടക്കുന്നതിനിടെ പുതിയ ഭരണ സമിതി വന്നു. അതും വിനീഷിന്‍റെ ബിനാമികളെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു. ബാങ്കിലെപ്പോഴും വിനീഷിന്‍റെ സാന്നിധ്യവുമുണ്ട്. ഇയാള്‍ക്കെതിരായി ക്രിമിനല്‍ കേസെടുക്കണമെന്ന സഹകരണ രജിസ്ട്രാറുടെ നിര്‍ദ്ദേശവും ഇതുവരെ പാലിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam