
തൂത്തുക്കുടി: ലോക്ക് ഡൗണിനിടെ കടയടക്കാൻ വൈകിയെന്ന പേരിൽ വ്യാപാരിയേയും മകനേയും കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച കൊന്ന കേസിൽ പ്രതിയായ എഎസ്ഐ കൊവിഡ് ബാധിച്ചു മരിച്ചു. തൂത്തുക്കുടിയിൽ വ്യാപാരികളെ മർദിച്ച് കൊലപ്പെടുത്തിയതിനെ തുടർന്ന് ജയിലിൽ സാത്താൻകുളം സ്റ്റേഷനിലെ മുൻ എഎസ്ഐ പോൾ ദുരൈയാണ് കൊവിഡ് ബാധയെ തുടർന്ന് മരിച്ചത്.
മധുര സെൻഡ്രൽ ജയിലിലായിരുന്ന പ്രതിയെ കടുത്ത പനിയെ തുടർന്ന് ജൂലൈ 24 നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് നടത്തിയ പരിശോധനയിൽ ഇയാൾക്ക് കൊവിഡ‍് സ്ഥിരകീരിച്ചു. മധുര രാജാജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥർക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇൻസ്പെക്ടറും, എസ്ഐയും ഉൾപ്പടെ അഞ്ച് പൊലീസുകാർ കേസിൽ റിമാൻഡിലായിരുന്നു. ലോക്ക് ഡൗൺ നിയന്ത്രണം കണക്കിലെടുക്കാതെ കട അടയ്ക്കാൻ വൈകിയെന്ന് ആരോപിച്ചാണ് വ്യാപാരികളെ കസ്റ്റഡിയിലെടുത്തത്. രണ്ട് രാത്രി മുഴുവൻ ലോക്കപ്പിലിട്ട് മർദിച്ചെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം.
വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് കേസ് സിബിഐക്ക് കൈമാറാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്. തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടി സിബിഐ ഏറ്റെടുക്കുന്നത് വരെ അന്വേഷണം നടത്തണമെന്ന മദ്രാസ് ഹൈക്കോടതി നിർദേശപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam