
കോഴിക്കോട്:കരിപ്പൂർ വിമാനപകടത്തിൽ രക്ഷാപ്രവർത്തനം നടത്തി ക്വാറന്‍റൈനിൽ കഴിയുന്നവരെ പൊലീസുകാരൻ വീട്ടിലെത്തി സല്യൂട്ട് ചെയ്തത് വിവാദമായി. ഔദ്യോഗിക നിർദേശ പ്രകാരമല്ല പൊലീസുകാരന്‍റെ നടപടിയെന്നും, അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മലപ്പുറം പൊലീസ് സൂപ്രണ്ട് യു. അബ്ദുൾ കരിം അറിയിച്ചു. മലപ്പുറത്തെ സിവിൽ പൊലീസ് ഓഫീസറായ ഹുസൈനാണ് രക്ഷാപ്രവർത്തകരെ ആദരിച്ചത്.
ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടത്. നടന്മാരായ ഹരീഷ് പെടരടി ,സണ്ണി വെയിന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. പൊലീസും അഗ്നിശമന സേനയുമൊക്കെ എത്തുന്നതിനു മുന്‍പ് അപകടം നടന്നയുടന്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ കരിപ്പൂരുകാര്‍ക്കും രാത്രി വൈകി രക്തബാങ്കുകള്‍ക്കു മുന്നില്‍ വരി നിന്ന മറ്റുള്ളവര്‍ക്കുമൊക്കെ നിരവധി പേർ സമൂഹമാധ്യമങ്ങളില്‍ അഭിനന്ദിക്കുന്നതിനിടയ്ക്കാണ് ഈ ചിത്രമെത്തിയത്.
കരിപ്പൂരിലെ ക്വാറൻ്റീൻ കേന്ദ്രത്തിലെത്തി കേരള പൊലീസ് സല്യൂട്ട് ചെയ്യുന്നു എന്നാണ് നടൻ സണ്ണി വെയ്ൻ അടക്കമുള്ളവർ പറയുന്നതെങ്കിലും കരിപ്പൂര്‍ പൊലീസ് ഇന്നലെ തന്നെ ഇത് നിഷേധിച്ചിരുന്നു. കേരളപൊലീസ് അങ്ങനെ സല്യൂട്ട് നല്‍കാനായി ക്വാറൻ്റീൻ കേന്ദ്രത്തിൽ പോയിട്ടില്ലെന്നും ചിത്രത്തിൻ്റെ വസ്തുത എന്താണെന്ന് അറിയില്ലെന്നും കരിപ്പൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കിയിരുന്നു. മറ്റേതെങ്കിലും സുരക്ഷാ വിഭാഗത്തിലുള്ളവരാണോ അങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
വെള്ളിയാഴ്ച രാത്രി 7.40ന് നടന്ന വിമാനാപകടത്തില്‍ 18 പേർ മരണമടഞ്ഞിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 184 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. കനത്ത മഴയേയും കൊവിഡ് ഭീതിയെയും വകവയ്ക്കാതെ സംഭവസ്ഥലത്ത് ഓടിയെത്തി വിമാനത്തില്‍നിന്ന് യാത്രക്കാരെ പുറത്തെടുക്കാനും ആശുപത്രികളില്‍ എത്തിക്കാനും പ്രദേശത്തുള്ളവര്‍ വലിയ ജാഗ്രത കാണിച്ചത് ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാന്‍ ഇടയാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam