'പള്ളിയിൽ കയറി തെറിവിളി, എംവി ജയരാജന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ'; പരാതി നല്‍കിയെന്ന് ടിവി രാജേഷ്

By Web TeamFirst Published Mar 29, 2024, 12:55 PM IST
Highlights

ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയതയും, വര്‍ഗീയ ചേരിതിരിവും ഉണ്ടാക്കി കലാപം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് വ്യാജ വീഡിയോ പ്രചരണം നടത്തുന്നതെന്നും ടിവി രാജേഷ് പറഞ്ഞു. 

കണ്ണൂര്‍: കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംവി ജയരാജന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോയാണെന്നും അതിനെതിരെ പരാതി നല്‍കിയെന്നും ടിവി രാജേഷ്. വ്യാജ വീഡിയോ നിര്‍മ്മിച്ചവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസിനും ഇലക്ഷന്‍ കമ്മീഷനും പരാതി നല്‍കിയത്. 

പള്ളിയില്‍ നിസ്‌കരിക്കാന്‍ വന്നവരെ ജയരാജനും സംഘവും തെരുവു ഗുണ്ടുകളെപ്പോലെ തെറി വിളിക്കുന്നു എന്ന അടിക്കുറിപ്പോടാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയതയും, വര്‍ഗീയ ചേരിതിരിവും ഉണ്ടാക്കി കലാപം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് വ്യാജ വീഡിയോ പ്രചരണം നടത്തുന്നതെന്നും ടിവി രാജേഷ് പറഞ്ഞു. 

ടിവി രാജേഷിന്റെ കുറിപ്പ്: വ്യാജ വീഡിയോ തയ്യാറാക്കി ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയതയും, മതസ്പര്‍ദ്ധയും, വെറുപ്പും സൃഷ്ടിച്ച് കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനെതിരെ എല്‍.ഡി.എഫ് കണ്ണൂര്‍ പാര്‍ലിമെന്റ് കമ്മിറ്റി പോലീസിനും ഇലക്ഷന്‍ കമ്മീഷനും പരാതി നല്‍കി. 'കണ്ണൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി.ജയരാജന്‍ വോട്ട് ചോദിച്ച് കണ്ണൂര്‍ മുസ്ലിം ജമാഅത്ത് പള്ളിയില്‍ ചെന്നപ്പോള്‍ ബിജെപിയുടെ സഹായത്തോടെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് മുസ്ലിം ന്യൂനപക്ഷങ്ങള്‍ ആയ ഞങ്ങള്‍ വോട്ട് ചെയ്യുകയില്ല എന്ന് പറഞ്ഞപ്പോള്‍ ജയരാജനും കൂടെയുള്ള ഗുണ്ടകളും പള്ളിയില്‍  നിസ്‌കരിക്കാന്‍ വന്നവരെ പള്ളിയില്‍ കയറിവന്ന് തെരുവു ഗുണ്ടുകളെപ്പോലെ തെറി വിളിക്കുന്നു' എന്ന അടിക്കുറിപ്പോട്  കൂടിയാണ് പ്രതികള്‍ വീഡിയോ പ്രചരിപ്പിക്കുന്നത്.

ഇത്തരമൊരു സംഭവം ഉണ്ടാകാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയതയും, വര്‍ഗീയ ചേരിതിരിവും ഉണ്ടാക്കി കലാപം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് വ്യാജ വീഡിയോ പ്രചരണം നടത്തുന്നത്. കേസിന് ആസ്പദമായ വീഡിയോ ക്ലിപ്പ് ഇതിനോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. ഈ വീഡിയോ പരിശോധിച്ചു ഇത് ആരാണ് വ്യാജമായി നിര്‍മ്മിച്ചതെന്നും,  പ്രചരിപ്പിക്കുന്നതെന്നും, കണ്ടെത്തി ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ പീനല്‍ കോഡിലെയും, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെയും വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് നിയമപരമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറി കാവ്യ, തീരുമാനത്തില്‍ ഖേദം അറിയിച്ച് കത്ത് 
 

click me!