
കൊച്ചി: കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ട്വന്‍റി ട്വന്‍റി പ്രവര്‍ത്തകന്‍ (Twenty 20 Worker) ദീപുവിന് ചികിത്സ വൈകിയത് സിപിഎമ്മിന്‍റെ വധഭീഷണി കാരണമെന്ന് അച്ഛന്‍റെ വെളിപ്പെടുത്തൽ. ദീപുവിന് മുമ്പും സിപിഎമ്മിൽ നിന്ന് ഭീഷണിയുണ്ടായിരുന്നെന്ന് മാതാപിതാക്കൾ പറഞ്ഞു. കൊല്ലുമെന്ന് പറഞ്ഞ് ദീപുവിനെ ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് അച്ഛന്‍ പറയുന്നത്. ദീപുവിനെ മര്‍ദ്ദിക്കുന്നത് തങ്ങള്‍ കണ്ടിരുന്നു. ഓടിച്ചെന്ന് പിടിച്ച് മാറ്റാൻ ശ്രമിച്ചപ്പോഴും മകനെ മർദ്ദിച്ചു. കൊല്ലുമെന്ന് പറഞ്ഞായിരുന്നു മർദ്ദനം. പിന്നില്‍ നിന്നായിരുന്നു മകന് അടിയേറ്റത്. ചികിത്സ തേടാൻ ശ്രമിച്ചപ്പോഴും ഭീഷണിപ്പെടുത്തി. ഭയന്നാണ് ആദ്യം ദീപുവിനെ ആശുപത്രിയിൽ വിടാതിരുന്നത്. അറിയാവുന്നവർ തന്നെയാണ് ദീപുവിനെ മർദ്ദിച്ചതെന്നും മാതാപിതാക്കള്‍ പറഞ്ഞു. ട്വന്‍റി ട്വന്‍റി പ്രവര്‍ത്തകനായതുകൊണ്ടാണ് ദീപുവിനെ ആക്രമിച്ചതെന്നും കുടുംബം പറയുന്നു.
അതേസമയം സംസ്ക്കാരച്ചടങ്ങിലടക്കം കൊവിഡ് മാനദണ്ഡം ലംഘിച്ച് ഒത്തുകൂടിയതിന് ട്വന്‍റി ട്വന്‍റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് അടക്കം കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെ കേസെടുക്കും. ദീപുവിന്‍റെ സംസ്കാരം കഴിഞ്ഞ് 12 മണിക്കൂർ പിന്നിടും മുമ്പാണ് കുന്നത്തുനാട് പൊലീസിന്‍റെ നടപടി. കൊവിഡ് മാനദണ്ഡം ലംഘിച്ച് ട്വന്‍റി ട്വന്‍റി നഗറിലും ദീപുവിന്‍റെ വീട്ടിലും ഒത്തുകൂടിയെന്നാണ് കേസ്. സാബു ജേക്കബ് അടക്കം 30 പേർ പ്രതികളാണ്. കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് ഇവർക്ക് നോട്ടീസ് അയക്കും. എന്നാൽ പൊലീസിനെ ഉപയോഗിച്ച് സിപിഎം വൈരാഗ്യം തീർക്കുകയാണെന്ന് ട്വന്‍റി ട്വന്‍റി ആരോപിച്ചു. ദീപുവിന്‍റെ വീട്ടിൽ എത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുളളവർക്കെതിരെ കേസെടുക്കാൻ പൊലീസിന് ധൈര്യമുണ്ടോയെന്ന് സാബു എം ജേക്കബ് ചോദിച്ചു. ഗൂഡാലോചനാക്കുറ്റത്തിൽ സിപിഎം എംഎൽഎ അടക്കം ആരോപണവിധേയരായ സാഹചര്യത്തിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് ട്വന്‍റി ട്വന്‍റി ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ല. സമാന ആവശ്യം കോൺഗ്രസും മുന്നോട്ട് വെച്ചിട്ടുണ്ട്.
കൊച്ചി: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കിറ്റെക്സ് എംഡി സാബു എം ജേക്കബിന് (Sabu M Jacob) എതിരെ കേസെടുത്തതില്‍ വിശദീകരണവുമായി പൊലീസ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചേ ദീപുവിന്‍റെ പൊതുദര്‍ശനം നടത്താന്‍ പാടുള്ളു എന്ന് കുന്നത്ത് സിഐ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പ്രോട്ടോക്കോള്‍ ലംഘിച്ചതിനാണ് കേസെടുത്തതെന്ന് പൊലീസ് വിശദീകരിച്ചു. വി ഡി സതീശനും വി പി സജീന്ദ്രനും ദീപുവിന്‍റെ വീട്ടിലാണ് സന്ദര്‍ശനം നടത്തിയത്. വീട്ടിലെ ചടങ്ങുകള്‍ക്ക് മാനുഷിക പരിഗണന നല്‍കിയാണ് കേസെടുക്കാത്തതെന്നും പൊലീസ് വിശദീകരിച്ചു. സാബു അടക്കം ആയിരത്തോളം പേര്‍ക്കെതിരെയാണ് പൊലീസ് നടപടി. ആളുകളെ തിരിച്ചറിയുന്ന മുറയ്ക്ക് നോട്ടീസ് അയക്കുമെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam