
കൊച്ചി: ഇടത് വലത് മുന്നണികൾക്കെതിരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കിയാണ് ദിനപത്രങ്ങളിലൂടെയും, സോഷ്യൽ മീഡിയ വഴിയും അംഗത്വ വിതരണത്തിന് പരസ്യം നൽകിയിരിക്കുന്നത്. എറണാകുളം ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലുള്ളവർക്കാണ് അംഗത്വ വിതരണം.
തദ്ദേശതെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ട്വന്‍റി ട്വന്‍റി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇടത് വലത് മുന്നണിയിലെ പ്രധാന നേതാക്കൾ മത്സരരംഗത്ത് നിന്ന് പിന്മാറണമെന്ന് തുടർച്ചയായി സമ്മർദ്ദവും ചെലുത്തി.
യുഡിഎഫിലെ സംസ്ഥാന നേതാക്കൾ വരെ നേരിൽ കണ്ട് ഇക്കാര്യം അഭ്യർത്ഥിച്ചെങ്കിലും ഇത് മറികടന്ന് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി മുന്നോട്ടാണ് ട്വന്‍റി ട്വന്‍റി. ആദ്യഘട്ടം എന്ന നിലയിലാണ് ജനകീയ കൂട്ടായ്മ എന്ന മുഖം മാറ്റി രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് അംഗത്വ വിതരണം തുടങ്ങിയത്.
പാർട്ടി പത്രങ്ങളിലൊഴികെ എല്ലാ മുൻനിര ദിനപത്രങ്ങളിലും ട്വന്‍റി ട്വന്‍റിയുടെ പരസ്യമുണ്ട്. ഇതിലെ ക്യൂ ആർകോഡ് സ്കാൻ ചെയ്താണ് ഓൺലൈൻ അംഗത്വ വിതരണം. നിലവിൽ എറണാകുളം ജില്ലയിൽ മാത്രമാണ് പരസ്യം. ഇതോടെ ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലും പാർട്ടി മത്സരിക്കുമോ എന്നതിൽ ആകാംക്ഷയും കൂടി. എന്നാൽ ഇപ്പോഴും ഇത് സംബന്ധിച്ച് അന്തിമ തീരുമാനത്തിൽ ട്വന്‍റി ട്വന്‍റി എത്തിയിട്ടില്ല.
സ്വാധീനമേഖലയായ കുന്നത്തുനാട്, പെരുമ്പാവൂർ നിയമസഭ മണ്ഡലങ്ങളിൽ ട്വന്‍റി ട്വന്‍റി മത്സരരംഗത്തുണ്ടാകുമെന്ന് ഉറപ്പാണ്. ജില്ലയ്ക്ക് പുറത്ത് നിന്നുള്ള കൂടുതൽ സീറ്റുകളിൽ മത്സരിക്കാനും പാർട്ടി ശ്രമിക്കുന്നുണ്ട്. സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരെ സ്ഥാനാർത്ഥികളാക്കാനുള്ള മുന്നൊരുക്കങ്ങളാണ് നടക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam