
തിരുവനന്തപുരം: ബാർട്ടണ്‍ഹിൽ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അനിൽ കുമാറിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികള്‍ക്ക് കഠിന തടവും പിഴയും. കേസിലെ ഒന്നും രണ്ടും പ്രതികളായ ജീവൻ എന്ന വിഷ്‌ണു, മനോജ് എന്നിവർക്കാണ് ജീവപര്യന്തം കഠിന തടവും 1,45,000 രൂപ പിഴയും തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. ഒന്നാം പ്രതിക്ക് 15 വർഷം പരോള്‍ ഉള്‍പ്പെടെ ഒരാനുകൂല്യങ്ങളും നൽകരുതെന്ന് കോടതി ഉത്തരവിൽ പറയുന്നു. ഒന്നാം പ്രതി ജീവന്‍റെ ക്രിമിനൽ പശ്ചാത്തലം കണക്കിലെടുത്ത് 15 കൊല്ലത്തേക്ക് പരോൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകരുതെന്ന് ഉത്തരവിൽ പറയുന്നു. ഭിന്നശേഷിക്കാരിയായ അനിൽ കുമാറിന്‍റെ ഭാര്യക്ക് നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവ്വീസ് അതോററ്റിക്ക് നിർദ്ദേശം നൽകി.
വിചാരണ വേളയിൽ കൂറുമാറിയ എട്ട് സാക്ഷികൾക്ക് എതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയുവാനും കോടതി ഉത്തരവിൽ പറയുന്നു. കൊല്ലപ്പെട്ട അനിൽ കുമാറിന്‍റെ സഹോദരനടക്കമുള്ള ദൃക്‌സാക്ഷികളായ രതീഷ്, മാത്യു എബ്രു, പൊന്നച്ചൻ, രഞ്ജിത്ത്, ജോണിക്കുട്ടി, ജോസ്, അൽഫോൻസ് എന്നീ എട്ട് സാക്ഷികൾക്ക് കർശന നിയമ നടപടി വേണമെന്ന് ജില്ലാ ഗവണ്‍മെന്‍റ് പ്ലീഡർ വെമ്പായം എ എ ഹക്കിമിന്‍റെ വാദം കോടതി പരിഗണിച്ചാണ് നടപടി. നേരത്തെ കേസിലെ മുന്നും നാലും പ്രതികളായ മേരി രാജൻ, രാജേഷ് എന്നിവരെ തെളിവുകളുടെ അഭാവത്താൽ കോടതി വെറുതെ വിട്ടിരുന്നു. 2019 മാർച്ച് 24 ന് രാത്രി 11 മണിക്കാണ് അനിൽ കുമാറിനെ ബാർട്ടൺഹിൽ ലോ കോളേജ് ജംഗ്ഷനില്‍ വെച്ച് കൊലപ്പെടുത്തിയത്. പ്രതികൾക്ക് കൊല്ലപ്പെട്ട അനിൽ കുമാറിനോടുള്ള വ്യക്തിപരമായ ശത്രുതയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് കേസ്. മ്യൂസിയം പൊലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. നാലാം അഡീ. ജില്ലാ ജഡ്ജി കെ ലില്ലിയുടേതാണ് ഉത്തരവ്.
പ്രതികളുടെ മൊബൈൽ ഫോൺ സംഭാഷണങ്ങളും, ലൊക്കേഷനുകളും കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ മുഖേന രേഖാ ചിത്രം തയ്യാറാക്കി കോടതിയിൽ പ്രോസിക്യൂഷൻ സമ്മർപ്പിച്ചു. ഒന്നാം സാക്ഷി കൂറുമാറിയതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഈ കേസ് റദ്ധാക്കണം എന്ന് ആവശ്യപ്പെട്ട് സാക്ഷി ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളി. ഇതും കേസിൽ നിർണായകമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam