അതിഥി തൊഴിലാളിയെ മർദ്ദിച്ച സംഭവം; രണ്ട് പേർ അറസ്റ്റില്‍

By Web TeamFirst Published Apr 1, 2020, 11:45 PM IST
Highlights

മർദ്ദനത്തെ തുടർന്ന് ആശുപത്രിയിലെത്തുമ്പോള്‍ തലയ്ക്ക് പ്രഹരമേറ്റ തൊഴിലാളിയുടെ ചെവിയില്‍ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു. തുടർന്ന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. 

കൊച്ചി: എളമക്കരയില്‍ അതിഥി തൊഴിലാളിയെ മർദ്ദിച്ച സംഭവത്തില്‍ തൊഴിലുടമയടക്കം രണ്ട് പേർ അറസ്റ്റില്‍. ഭക്ഷണം നല്‍കുന്നില്ലെന്ന് മൈഗ്രന്‍റ് ഹെല്‍പ്‍ ലൈനില്‍ പരാതി പറഞ്ഞതിന്‍റെ പേരിലായിരുന്നു മർദ്ദനം.

കഴി‌ഞ്ഞ ദിവസം രാത്രിയാണ് യുപി സ്വദേശി കൗശലേന്ദ്ര പാണ്ഡെ, കളക്ടറേറ്റിലെ അതിഥി തൊഴിലാളികള്‍ക്കായുള്ള ഹെല്‍പ്‍ ലൈൻ നമ്പരിലേക്ക് വിളിച്ചത്. ലോക്ക് ഡൗണില്‍ ജോലിയും കൂലിയും നഷ്ടമായതോടെ തങ്ങള്‍ പട്ടിണിയിലാണെന്ന നിസ്സഹായവസ്ഥയാണ് യുവാവ് തൊഴില്‍ വകുപ്പിനെ അറിയിച്ചത്. തുടർന്ന് ലേബർ ഓഫീസ് ഉദ്യോഗസ്ഥർ ഇടപെട്ട് തൊഴിലുടമയെക്കൊണ്ട് തന്നെ ഭക്ഷണമെത്തിച്ചു കൊടുത്തു. അതിനുശേഷമാണ് പരാതി പറഞ്ഞയാളെ തെരഞ്ഞുപിടിച്ച് മർദ്ദിച്ചത്. 

ആശുപത്രിയിലെത്തുമ്പോള്‍ തലയ്ക്ക് പ്രഹരമേറ്റ കൗശലേന്ദ്ര പാണ്ഡെയുടെ ചെവിയില്‍ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു. തുടർന്ന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. എറണാകുളം ബ്രൈറ്റ് ഏജൻസിയുടെ കീഴില്‍ സെക്യൂരിറ്റി ജോലി ചെയ്ത് വരികയായിരുന്നു കൗശലേന്ദ്ര പാണ്ഡെ. സ്ഥാപനത്തിന്‍റെ ഉടമയെയും സൂപ്പർവൈസർ ബിജുവിനെയുമാണ് അറസ്റ്റ് ചെയ്തത്. ദേശീയ ദുരന്ത നിവാരണ നിയമപ്രകാരമാണ് അറസ്റ്റ്. ഇരുവരെയും എളമക്കര പൊലീസ് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.

click me!