മരം മുറിക്കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് വിവാദ ഉത്തരവ് മറയാക്കി മരം കടത്തിയ രണ്ട് കച്ചവടക്കാർ

By Web TeamFirst Published Jul 28, 2021, 12:29 PM IST
Highlights

അറസ്റ്റ് വൈകുന്നതിൽ ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് രൂക്ഷ വിമർശനമേറ്റതിന് പിന്നാലെയാണ് നടപടികൾ തുടങ്ങിയത്. 

വയനാട്: മരം മുറിക്കേസിൽ വയനാട്ടിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വിവാദ ഉത്തരവിന്റെ മറവിൽ എൽഎ പട്ടയഭൂമിയിലെ ഈട്ടി മരങ്ങൾ മുറിച്ചു കടത്തിയവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മുട്ടിൽ സ്വദേശി അബ്ദുൾ നാസർ, അമ്പലവയൽ സ്വദേശി അബൂബക്കർ എന്നിവരാണ് പിടിയിലായത് ഇവർ മരക്കച്ചവടക്കാരാണ്.

ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് വൈകുന്നതിൽ ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് രൂക്ഷ വിമർശനമേറ്റതിന് പിന്നാലെയാണ് നടപടികൾ തുടങ്ങിയത്. 

മരം മുറിക്കേസിലെ മുഖ്യ സൂത്രധാരൻ റോജി അഗസ്റ്റിനും സഹോദരങ്ങളായ ആൻ്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർക്കുമായി സംസ്ഥാന വ്യാപക തെരച്ചിലാണ് ഇപ്പോൾ നടക്കുന്നത്. ഇവരുടെ വയനാട് വാഴവറ്റയിലെ വീട്ടിൽ പോലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. മൂന്ന് പേരുടെയും ഫോൺ സ്വിച്ച് ഓഫാണ്. വനം വകുപ്പ്, ക്രൈബ്രാംഞ്ച്, വിജിലൻസ് എന്നിവ‍ർ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. പ്രതികൾ കൊച്ചിയിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലും പരിശോധനയുണ്ടാകും. മൂന്ന് പേരും സ്വയം കീഴടങ്ങാനും സാധ്യതയുണ്ട്.

മരം മുറിയുമായി ബന്ധപ്പെട്ട് 701 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നായിരുന്നു കോടതിയുടെ ചോദ്യം. മരംമുറിയില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്തത് സര്‍ക്കാരിന്‍റെ നിഷ്ക്രിയത്വം ആണെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു. 

click me!