
കൊച്ചി: കൊച്ചിയിൽ വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. കൊല്ലം സ്വദേശി ഷംനാദ്, ഇർഷാദ് എന്നിവരെയാണ് പിടികൂടിയത്. എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ പി.എൻ.സന്തോഷിനെയാണ് ഇടിച്ച് തെറിപ്പിച്ച് കാർ നിർത്താതെ പോയത്. അപകടമുണ്ടാക്കിയ കാർ പിന്നീട് പോലീസ് കൊല്ലത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.
പുലർച്ചെ രണ്ടരയോടെ കലൂർ ശാസ്താ റോഡിൽ വച്ചാണ് പൊലീസുകാരനെ കാറടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. വാഹന പരിശോധന നടക്കുന്നതിനിടെ കടന്നുവന്ന നീല നിറമുള്ള കാർ നിർത്താൻ പൊലീസുകാർ ആവശ്യപ്പെട്ടിരുന്നു. ആദ്യം വേഗത കുറച്ച ശേഷം പെട്ടെന്ന് വേഗം കൂട്ടി പോലീസുദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. റോഡിൽ പരിശോധനയിലേർപ്പെട്ട എ.എസ്.ഐ സന്തോഷ് ബോണറ്റിലേക്ക് വീണു. സന്തോഷുമായി കാർ 20 മീറ്ററോളം മുന്നോട്ട് പാഞ്ഞു.
സഡൻ ബ്രേക്ക് ഇട്ട് വെട്ടിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥൻ തെറിച്ച് റോഡിലേക്ക് വീണു. വീഴ്ചയിൽ ഉദ്യോഗസ്ഥന്‍റെ ഇരുകാലുകൾക്കും ക്ഷതമേറ്റു. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലത്തുനിന്ന് രണ്ടുപേരെ പിടികൂടിയത്. കൊല്ലത്തു നിന്നും കൊച്ചിയിൽ പഠിക്കാൻ എത്തിയ ഷംനാദ്, ഇർഷാദ് എന്നിവരാണ് പിടികിലായത്. പരിശോധനയ്ക്ക് എന്തുകൊണ്ട് ഇവർ വാഹനം നിർത്തിയില്ല എന്നതാണ് പൊലീസ് പരിശോധിക്കുന്നത്. എതെങ്കിലും ലഹരി ഇടപാടുമായി ഇവർക്ക് ബന്ധമുണ്ടോ എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam