കനിവിന്റെ 108-ൽ ഒരേദിവസം രണ്ടിടത്തായി രണ്ട് സുഖ പ്രസവങ്ങൾ

By Web TeamFirst Published Feb 8, 2021, 6:20 PM IST
Highlights

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പത്തനംതിട്ടയിലും തൃശൂരിലും കനിവ് 108 ആംബുലൻസിനുള്ളിൽ യുവതികൾക്ക് സുഖപ്രസവം. 

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പത്തനംതിട്ടയിലും തൃശൂരിലും കനിവ് 108 ആംബുലൻസിനുള്ളിൽ യുവതികൾക്ക് സുഖപ്രസവം. തിരുവല്ല കോയിപ്രം താവളത്തിൽ ഹൗസിൽ റോയ്സിന്റെ ഭാര്യ മേഘ(24) പെൺകുഞ്ഞിനും തൃശൂർ അതിരപ്പള്ളി ആനക്കയം മുക്കുംപുഴ കോളനയിൽ സുബീഷിന്റെ ഭാര്യ മിനിക്കുട്ടി(32) ആൺ കുഞ്ഞിനും ജന്മം നൽകി.

തിങ്കളാഴ്‌ച പുലർച്ചെയാണ്  പത്തനംതിട്ടയിലെ സംഭവം. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മേഘയെ ബന്ധുക്കൾ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു ഇവിടെ നിന്ന് മേഘയെ ഉടൻ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശം നൽകി. 

തുടർന്ന് കണ്ട്രോൾ റൂമിൽ നിന്നുള്ള നിർദേശാനുസരണം പുലർച്ചെ 5.30ന് തിരുവല്ല താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രാജീവ് ടിഡി, പൈലറ്റ് അരുൺ പി എന്നിവർ ആശുപത്രിയിൽ എത്തി മേഘയെ ആംബുലൻസിലേക്കി മാറ്റി കോട്ടയത്തേക്ക് യാത്ര തിരിച്ചു. 

യാത്രാമധ്യേ മേഘയുടെ ആരോഗ്യനില വഷളാകുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രാജീവ് നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്ന് മനസിലാക്കി. ചങ്ങനാശേരി മന്ദിരം കവല ഭാഗത്ത് വെച്ച് 6.08ന് രാജീവിന്റെ പരിചരണത്തിൽ മേഘ പെൺ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. പ്രഥമ ശുസ്രൂഷ നൽകിയ ശേഷം ഉടൻ തന്നെ അമ്മയെയും കുഞ്ഞിനെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

രാവിലെ 7.30നാണ് തൃശൂർ അതിരപ്പള്ളി ആനക്കയം മുക്കുംപുഴ കോളനയിൽ സുബീഷിന്റെ ഭാര്യ മിനിക്കുട്ടി(32)ക്ക് പ്രസവവേദന അനുഭവപ്പെട്ടത്തിനെ തുടർന്ന് വീട്ടുകാർ 108 ആംബുലൻസിന്റെ സേവനം തേടിയത്. ഉടൻ തന്നെ കണ്ട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം വെറ്റിലപ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി. 

സന്ദേശം ലഭിച്ച ഉടൻ തന്നെ ആംബുലൻസ് പൈലറ്റ് വിനീഷ് വിജയൻ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സിജി ജോസ് എന്നിവർ സ്ഥലത്തെത്തുകയും മിനിക്കുട്ടിയെ ഉടൻ ആംബുലൻസിലേക്ക് മാറ്റുകയും ചെയ്തു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പുളിയലപാറ എത്തിയപ്പോൾ മിനിക്കുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു.

തുടർന്ന് 8.45ന് സിജിയുടെ വൈദ്യസഹായത്തിൽ മിനിക്കുട്ടി ആൺ കുഞ്ഞിന് ജന്മം നൽകി. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഇരുവരെയും ഉടൻ തന്നെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സുബീഷ് മീനുക്കുട്ടി ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ഇത്.

click me!