തിരുവല്ലം ബൈപ്പാസിലെ റേസിംഗ് അപകടം: ചികിത്സയിലായിരുന്ന യുവാവും മരിച്ചു

By Web TeamFirst Published Jan 29, 2023, 4:52 PM IST
Highlights

അതിവേഗതയിൽ വന്ന ബൈക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്ന വീട്ടമ്മയെ തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അരവിന്ദും ഇടിയേറ്റ മരിച്ച സന്ധ്യുയും മീറ്ററുകളോളം തെറിച്ചാണ് വീണത്. സന്ധ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു.

തിരുവനന്തപുരം: തിരുവല്ലം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊട്ടക്കുഴി സ്വദേശി അരവിന്ദാണ് മരിച്ചത്. കഴുത്ത് ഒടിഞ്ഞ് ശരീരമാസകലം പരിക്കുമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇൻസ്റ്റാഗ്രാം റീൽസിൽ വീഡിയോ ഇടാനായി റേസിംഗ് ഷൂട്ട് ചെയ്യുകയായിരുന്നു അരവിന്ദ് എന്നാണ് പൊലീസ് നൽകുന്ന വിവരം. അതിവേഗതയിൽ വന്ന ബൈക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്ന വീട്ടമ്മയെ തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അരവിന്ദും ഇടിയേറ്റ മരിച്ച സന്ധ്യും മീറ്ററുകളോളം തെറിച്ചാണ് വീണത്. സന്ധ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു.

ഇന്ന് രാവിലെ എട്ട് മണിയോടെ കോവളം ബൈപ്പാസിൽ തിരുവല്ലത്തിന് അടുത്തു വച്ചായിരുന്നു അപകടം. വീട്ടുജോലി ചെയ്തു ജീവിക്കുന്ന സന്ധ്യ ബൈപ്പാസ് റോഡ് മുറിച്ചു കടക്കുമ്പോഴാണ് അമിത വേഗതയിൽ ബൈക്കിലെത്തിയ അരവിന്ദ് ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ സന്ധ്യ തെറിച്ചു പോയി അടുത്തുള്ള മരത്തിൽകുടുങ്ങി കിടന്നു. ഇവരുടെ കാൽ അറ്റു പോയ നിലയിലായിരുന്നു. സംഭവസ്ഥലത്ത് വച്ചു തന്നെ അവർക്ക് മരണം സംഭവിച്ചു. ഇടിച്ച ശേഷം ബൈക്കിൽ നിന്നും തെറിച്ചു പോയ അരവിന്ദിനെ റോഡരികിലെ ഓടയിൽ നിന്നാണ് നാട്ടുകാർ കണ്ടെത്തിയത്. ബൈക്ക് ഏതാണ്ട് ഇരുന്നൂറോളം മീറ്ററോളം തെറിച്ചു പോയി വീണു. 

നേരത്തെ തിരുവനന്തപുരം നഗരത്തിലെ കവടിയാർ മേഖലയിലായിരുന്നു ചെറുപ്പക്കാരുടെ ബൈക്ക് റേസിംഗ് അഭ്യാസം ഇവിടെ വച്ച് നിരവധി അപകടങ്ങളുണ്ടാക്കുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്തോടെ പൊലീസ് നിരീക്ഷണം ശക്തമാക്കി. ഇതോടെയാണ് തിരുവല്ല, കോവളം ഭാഗത്തേക്ക് റേസിംഗ് സംഘങ്ങൾ കളം മാറ്റിയത്. അവധി ദിനങ്ങളിലും അതിരാവിലെ സമയത്തും ഇവിടെ പലയിടങ്ങളിൽ നിന്നുള്ള ചെറുപ്പക്കാർ റേസിംഗ് നടത്താൻ വരാറുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. 

click me!