
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊവിഡ്. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്‍ത ഹൗസ് സര്‍ജന്മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാർച്ചിൽ ദില്ലിയിലേക്ക് വിനോദയാത്ര പോയ ഇവര്‍ തിരികെ വന്നത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉണ്ടായിരുന്ന ട്രെയിനിലാണ്. പത്തംഗ സംഘമാണ് ദില്ലിയില്‍ വിനോദയാത്ര പോയത്.
തിരിച്ചെത്തിയവരില്‍ ഒന്‍പതുപേര്‍ മെഡിക്കല്‍ കോളേജിന് സമീപമുള്ള ഒരു വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നു. ക്വാറന്‍റൈന്‍ പൂര്‍ത്തിയായ സമയത്ത് നടത്തിയ പരിശോധനയിലാണ് ഒന്‍പത് പേരില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വാര്‍ഡിലേക്ക് മാറ്റി. ഹൗസ് സര്‍ജന്മാരുടെ പരിശോധന നടത്തിയ ആറ് മെഡിക്കല്‍ കോളേജ് അധ്യാപകരോട് ക്വാറന്‍റൈനില്‍ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
കൊവിഡ് പ്രതിരോധ നേട്ടങ്ങള്‍ക്കിടയിലും ഇനിയുമേറെ ജാഗ്രത പാലിക്കണമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ പുറത്തുവന്ന രോഗികളുടെ കണക്ക്. രോഗമുക്തി നേടിയവരെക്കാൾ കൂടുതൽ പോസീറ്റീവ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്‍തത്. ഇന്നലെ സംസ്ഥാനത്ത് 19 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരിൽ 10 പേർക്കും പാലക്കാട് നാലുപേർക്കും കാസർകോട് മൂന്ന് പേർക്കും, കൊല്ലം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗബാധ.
രോഗമുക്തിയുടേയും പോസിറ്റിവ് കേസിന്‍റെയും തോതിൽ വന്നമാറ്റത്തിൽ മാത്രമല്ല ആശങ്ക. പത്തനംതിട്ടയിൽ രണ്ടാം ഘട്ടത്തിൽ കൊവിഡ് സ്ഥിരീകരിച്ച 62 കാരിക്ക് 42 ദിവസമായിട്ടും അസുഖം മാറിയിട്ടില്ല. ഇതുവരെ പരിശോധിച്ച ഇവരുടെ 20 സാമ്പിളുകളില്‍ 19 എണ്ണവും പോസിറ്റീവാണ്. ഒരു ഫലം മാത്രമാണ് നെഗറ്റീവ് ആയി വന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam