ഗുണ്ടാ ബന്ധം: തിരുവനന്തപുരത്ത് രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സസ്പെന്‍ഷന്‍

By Web TeamFirst Published Jan 19, 2023, 3:37 PM IST
Highlights

ഗുണ്ടകളായ നിധിൻ - രജ്ഞിത്ത് എന്നിവർ തമ്മിലുള്ള സാമ്പത്തിക തർക്കം പരിഹരിക്കാൻ മധ്യസ്ഥത നിന്നുവെന്ന് ആഭ്യന്തരവകുപ്പ്

തിരുവനന്തപുരം:ഗുണ്ടാബന്ധത്തിൻറെ പേരിൽ കൂടുതൽ പൊലീസുകാർക്കെതിരെ അച്ചടക്കനടപടി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ജെ.ജോണ്‍സൻ, വിജിലൻസ് ഡിവൈഎസി എം.പ്രസാദ് എന്നിവരെ സസ്പെൻഡ് ചെയ്തു. . ഗുണ്ടകളുടെ സാമ്പത്തിക ഇടപാടിൽ ഡിവൈഎസ്പിമാർ ഇടനിലനിന്നുവെന്നാണ് കണ്ടെത്തൽ.

ഗുണ്ടാ പൊലീസ് ബന്ധം മറനീക്കി പുറത്തുവന്നതോടെയാണ് സർക്കാർ അച്ചടക്കനടപടി തുടരുന്നത്. ഗുണ്ടാ-മാഫിയ ബന്ധമുള്ള നാല് ഇൻസ്പെക്ർമാരെയും ഒരു സബ്-ഇൻസ്പെക്ടറെയും സസ്പെൻറ് ചെയ്തതിന് പിന്നാലെയാണ് 2  ഡിവൈഎസ്പിമാർക്ക് കൂടി സസ്പെൻഷൻ. ഷാരോണ്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.ജോണ്‍സണ്‍, വിജിലൻസിലെ സ്പെഷ്യൽ ഇന്‍വെസ്റ്റിഗേഷൻ യൂണിറ്റ്- ഒന്നിലെ ഡിവൈഎസ്പി എം.പ്രസാദ് എന്നിവരെയാണ് സസ്പെൻറ് ചെയ്തത്. ഗുരുതരമായ ആരോപങ്ങളാണ് സസ്പെൻഷൻ ഉത്തരവിൽ സർക്കാർ ഉന്നയിക്കുന്നത്.

തലസ്ഥാനത്തെ പ്രധാന ഗുണ്ടകളായ നിധിൻ, രജ്ഞിത്ത് എന്നിവർ തമ്മിൽ സാമ്പത്തിക തർക്കമുണ്ടായിരുന്നു. ഈ തർക്കം പരിഹരിക്കാൻ മുട്ടടയിലുള്ള നിധിൻെറ വീട്ടിൽ വച്ച് രണ്ട് ഡിവൈഎസ്പിമാരും അടുത്തിടെ  സസ്പെഷൻിലായ റെയിൽവെ ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡും ഇടനിലക്കാരായി എന്നാണ് ഇൻറലിജൻസ് കണ്ടെത്തൽ.ജോണ്‍സൻെറ മകളുടെ ജൻമാദിനാഘോഷത്തിന് ഗുണ്ടകള്‍ പണപ്പിരിവ് നടത്തിയെന്നും കണ്ടെത്തലുണ്ട്.  മൂന്ന് ഉദ്യോഗസ്ഥരും ഗുണ്ടകളുടെ മദ്യപാന പാർട്ടികളിൽ സ്ഥിരമായി പങ്കെടുത്തുവെന്ന ആരോപണവും നിധിൻെറ സുഹൃത്തായിരുന്ന നെടുമങ്ങാട് സ്വദേശി രാഹുൽ ഉന്നയിച്ചിരുന്നു. മറ്റ് രണ്ട് ഡിവൈഎസ്പിമാർ കൂടി ഗുണ്ടകളുടെ പാർട്ടിയിൽ പങ്കെടുത്തിരുന്നുവെന്ന ആരോപണവും ഇൻറലിജൻസ് അന്വേഷിക്കുന്നുണ്ട്. ഗുണ്ട ബന്ധത്തിന് സസ്പെൻഷനിലായ ഉദ്യോഗസ്ഥരുടെ സ്വത്തു സമ്പാദനം വിജിലൻസ് അന്വേഷിക്കുന്നുണ്ട്. ഗുണ്ടാബന്ധമുയർന്ന ജോണ്‍സണ്‍ അവധിയിൽ പ്രവേശിച്ചിരുന്നു, ഇതേ തുടർന്ന് ഷാരോണ്‍ കേസിൻെറ അന്വേഷണം മറ്റൊരു ഉദ്യോഗസ്ഥന് കൈമാറിയിരുന്നു.

പൊലീസിൽ ശുദ്ധികലശം; വ്യാപക അഴിച്ചു പണിയുമായി സർക്കാർ, 160-ലേറെ എസ്എച്ച്ഒമാരെ സ്ഥലംമാറ്റും

'ഓപ്പറേഷൻ സുപ്പാരി': തിരുവനന്തപുരത്തെ ഗുണ്ടകളെ നിയന്ത്രിക്കാൻ പൊലീസ്

click me!