Latest Videos

'കടം വാങ്ങുക, ധൂർത്തടിക്കുക; പിണറായി സർക്കാരിന്റെ നയം അഴിമതിയും ധൂർത്തും': വിമർശിച്ച് സുരേന്ദ്രൻ

By Web TeamFirst Published Jan 19, 2023, 3:05 PM IST
Highlights

കടം വാങ്ങുക, ആ പണം  ധൂർത്തടിക്കുകയെന്നതാണ് ഇടത് സർക്കാർ നയം. ബജറ്റിൽ നികുതി ഭാരം അടിച്ചേൽപിക്കാൻ ശ്രമം നടക്കുന്നതായും സുരേന്ദ്രൻ 

ആലപ്പുഴ : സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വേളയിലും ഇടത് സർക്കാർ കടംവാങ്ങി ധൂർത്തടിക്കുകയാണെന്ന് സുരേന്ദ്രൻ വിമർശിച്ചു. അഴിമതിയും ധൂർത്തും അവസാനിപ്പിക്കാൻ പിണറായി സർക്കാർ തയ്യാറാകുന്നില്ല. കടം വാങ്ങുക, ആ പണം  ധൂർത്തടിക്കുകയെന്നതാണ് ഇടത് സർക്കാർ നയം. ബജറ്റിൽ നികുതി ഭാരം അടിച്ചേൽപിക്കാൻ ശ്രമം നടക്കുന്നതായും സുരേന്ദ്രൻ തുറന്നടിച്ചു. ദില്ലിയിൽ പുതിയ പദവി അനാവശ്യ ചെലവാണ്. ക്യാബിനറ്റ് പദവി നൽകേണ്ട കാര്യമുണ്ടായിരുന്നില്ല. സിപിഎമ്മിന്റെ രാഷ്ട്രീയ ആവശ്യങ്ങൾ നടത്തിക്കാൻ ഒരു പദവിയാണതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

കഴിഞ്ഞ പത്ത് വർഷം കേന്ദ്രം കേരളത്തിന് അനുവദിച്ച തുകയുടെ കണക്ക് ധനമന്ത്രി ബാലഗോപാൽ പുറത്ത് വിടണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. ജി എസ് ടി കുടിശ്ശികയായി കേന്ദ്രം ഏഴായിരം കോടി നൽകാനുണ്ടെന്ന പ്രചാരണം പച്ചക്കള്ളമാണ്. കേന്ദ്രം അനുവദിച്ച തുക സംബന്ധിച്ച് വീടുകൾ കയറി ബിജെപി വിശദീകരിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. 

പോപ്പുലർ ഫ്രണ്ട്  പ്രവർത്തകർ ഹർത്താൽ ദിവസമുണ്ടാക്കിയ അക്രമണങ്ങളുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ഊടാക്കുന്നതിനുള്ള ജപ്തി നടപടികൾ പൂർത്തിയാക്കാത്ത സംസ്ഥാന സർക്കാർ നടപടിയെയും സുരേന്ദ്രൻ വിമർശിച്ചു. ഹൈക്കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഹർത്താൽ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിന്റെ  സ്വത്ത് കണ്ട് കെട്ടാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് ബിജെപി അധ്യക്ഷൻ കുറ്റപ്പെടുത്തി. സർക്കാർ ഇപ്പോഴും പിഎഫ്ഐയെ സഹായിക്കുകയാണ്. എൻഐഎ റെയ്ഡ് വിവരം പോലും സംസ്ഥാന പൊലീസ് പോപ്പുലർ ഫ്രണ്ടിന് ചോർത്തിയെന്നും ബിജെപി ആരോപിച്ചു. കേരളത്തിൽ ഭക്ഷ്യ സുരക്ഷയില്ല. ഭക്ഷണം കഴിക്കുക ആശുപത്രിയിലാകുക എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതിയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. 

നടി രാഖി സാവന്ദ് അറസ്റ്റിൽ, നടപടി ഷേർലിൻ ചോപ്രയുടെ പരാതിയിന്മേൽ

 

click me!