
കൊല്ലം: തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ പ്രതികാര നടപടിയായി പുറമ്പോക്ക് നിവാസികളെ കുടിയിറക്കാൻ നീക്കമെന്ന് പരാതി. പട്ടയം നൽകാമെന്നു പറഞ്ഞ് വോട്ട് തേടിയ എൽഡിഎഫ് പരാജയപ്പെട്ടതോടെ കുടിയിറപ്പ് നോട്ടീസുകൾ നൽകിയെന്നാണ് ആരോപണം. പത്തനാപുരം പഞ്ചായത്തിൽ കുമ്പിക്കൽ ഭാഗത്ത് കെഐപി കനാൽ പുറമ്പോക്കിൽ താമസിക്കുന്ന രണ്ട് കുടുംബങ്ങൾക്കാണ് നോട്ടിസ് നൽകിയത്. നാലു പതിറ്റാണ്ടായി കനാൽ പുറമ്പോക്കിൽ താമസിക്കുകയാണ് മാമൂട്ട് പുരയിടത്തിൽ ജമീലാ ബീവിയാണ് നോട്ടീസ് ലഭിച്ചവരിൽ ഒരാൾ. കുടിയിറക്കൽ നോട്ടീസ് ലഭിച്ചതോടെ എങ്ങോട്ട് പോകണമെന്ന് അറിയാതെ ആശങ്കയിലാണ് ഇവർ.
കെഐപി കനാലിന്റെ പുറമ്പോക്ക് താമസക്കാർക്ക് പട്ടയം നൽകുമെന്നു ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുൻപ് തന്നെ മന്ത്രിമാർ പ്രഖ്യാപിച്ചിരുന്നു. പുനലൂർ, പത്തനാപുരം, കൊട്ടാരക്കര താലൂക്കുകളിലെ കെഐപി പുറമ്പോക്കിലെ താമസക്കാരുടെ ലിസ്റ്റ് ഇതിനായി ശേഖരിച്ചിരുന്നു. ഭൂമിയുടെ അളവ് തിട്ടപ്പെടുത്തി. റവന്യു–ഇറിഗേഷൻ–വകുപ്പ് മന്ത്രിമാർ സംയുക്തമായി ചേർന്ന യോഗത്തിൽ പട്ടയ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. കെഐപി തടസവാദം ഉയർത്തിയതോടെ നടപടികൾ മരവിപ്പിച്ചു.
മന്ത്രിമാർ നേരിട്ട് സ്ഥലം സന്ദർശിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന പ്രചാരണം ഉയർന്നു. റവന്യു ഉദ്യോഗസ്ഥരും മന്ത്രിമാരും ഇത് ആവർത്തിച്ചു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പ്രധാന വാഗ്ദാനം ഇതുതന്നെയായിരുന്നു. കനാൽ പുറമ്പോക്കിൽ താമസിക്കുന്നവർക്ക് പട്ടയം നൽകുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പരാജയപ്പെട്ടു. പിന്നാലെയാണ് കുടിയിറപ്പ് നോട്ടീസുകൾ കുടുംബങ്ങൾക്ക് ലഭിച്ചത്. ഇതോടെ വിഷയം ഏറ്റെടുത്ത് യുഡിഎഫും രംഗത്തെത്തി. കെഐപി ഓഫീസിലേക്കും മന്ത്രി ഗണേഷ്‌കുമാറിന്റെ ഓഫീസിലേക്കും മാർച്ച് നടത്തുമെന്ന് പ്രതിഷേധക്കാർ പ്രഖ്യാപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam